ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾ

എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ ആർബിഐ

മുംബൈ: പ്രവാസികൾക്ക് ഡോളർ നിക്ഷേപത്തിനു ഉയർന്ന പലിശ നിരക്കു നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ റിസർവ് ബാങ്ക് (ആർബിഐ). കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പണം ഇതുവഴി എത്തിയതോടെയാണ് റിസർവ് ബാങ്കിന് മനംമാറ്റം.

എഫ്സിഎൻആർ‍ നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന അധിക ബാധ്യത സെപ്റ്റംബർ 30 വരെയാണ് റിസർവ് ബാങ്ക് ഏറ്റെടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. പദ്ധതി കാലാവധി പൂർത്തിയാകാതെ അവസാനിപ്പിക്കുന്നത് നിലവിൽ പരിഗണനയില്ലെന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നു.

എഫ്സിഎൻആർ(ബി) വഴിയുള്ള നിക്ഷേപം ഈ ആഴ്ചയിൽ തന്നെ 5000 കോടി ഡോളർ കടക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ നിലവിലെ ഇളവ് അവസാനിപ്പിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചർച്ച തുടങ്ങും. 5000-7000 കോടി ഡോളർ വരെ സമാഹരിക്കുകയായിരുന്നു ആർബിഐ ലക്ഷ്യം. ഇത്രയും പണം കുറഞ്ഞ സമയത്തിൽ സമാഹരിക്കാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പദ്ധതി തുടങ്ങിയ ജൂൺ 5 മുതൽ ജൂലൈ 31 വരെയുള്ള 58 ദിവസത്തിനുള്ളിൽ രാജ്യത്തെത്തിയത് 3672 കോടി ഡോളറാണ്.

ഓഗസ്റ്റ് ആറിലെ കണക്കനുസരിച്ച് ഇത് 4278 കോടി ഡോളറായി. പദ്ധതി സെപ്റ്റംബർ 30 വരെ തുടർന്നാൽ 8000 കോടി ഡോളർ വരെ ലഭിക്കുമെന്നാണ് എസ്ബിഐ റിസർച്ച് അടക്കമുള്ളവരുടെ വിലയിരുത്തൽ. സെപ്റ്റംബർ 30 വരെ പദ്ധതി തുടർന്നാൽ 10,000 കോടി ഡോളറിലേക്ക് വർധിക്കുമെന്ന് സാമ്പത്തിക സ്ഥാപനമായ ജെഫ്രീസിന്റെ റിപ്പോർട്ടിലും പറയുന്നു.

നിലവിൽ 3,5 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് എഫ്സിഎൻആർ(ബി) വഴി ബാങ്കുകകൾ ഉയർന്ന പലിശ നൽകുന്നത്. ഈ കാലാവധി കഴിഞ്ഞാൽ നിക്ഷേപങ്ങൾ മടക്കി നൽകണം. ഇത് ബാധ്യതയാകുമോ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക. ഇത് മൂന്നാം തവണയാണ് രാജ്യത്ത് എഫ്സിഎൻബി നിക്ഷേപങ്ങൾക്ക് ഇളവ് നൽകുന്നത്.

നേരത്തെ 1993,2013 വർഷങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2013ൽ 2600 കോടി ഡോളറാണ് നിക്ഷേപം ലഭിച്ചത്. ഇത് തിരിച്ചു കൊടുക്കാനുള്ള സമയമെത്തിയപ്പോൾ വിദേശ നാണ്യശേഖരത്തിനു ഭീഷണിയുണ്ടായിരുന്നു. മുൻകൂട്ടി ഡോളർ വാങ്ങിയും വിപണിയിൽ ഇടപെടലുകൾ നടത്തിയുമാണ് റിസർവ് ബാങ്ക് ഇതിനെ നേരിട്ടത്. സമാനമായ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് എഫ്സിഎൻആർ ഇളവ് നേരത്തെ നിർത്താൻ ആർബിഐ ഒരുങ്ങുന്നതെന്നാണ് വിവരം.

കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വർധിച്ചതും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും ആർബിഐ കണക്കിലെടുക്കുമെന്നും വിദഗ്ധർ പറയുന്നു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം അടുത്ത ആഴ്ചകളിൽ തന്നെ റെക്കോർഡിലെത്താനുള്ള സാധ്യതയുമുണ്ട്. ജൂലൈ 31 വരെയുള്ള കണക്കു പ്രകാരം 1050 കോടി ഡോളർ വർധിച്ച് 69,890 കോടി ഡോളറിലാണ് വിദേശനാണ്യ ശേഖരം. ഇതോടെയാണ് ഇക്കൊല്ലം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 72,850 കോടി ഡോളറെന്ന റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷ ശക്തമായത്.

പ്രവാസികൾക്ക് വിദേശ കറൻസിയിൽ തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം നടത്താവുന്ന സംവിധാനമാണ് എഫ്സിഎൻആർബി. ഇത്തരം നിക്ഷേപങ്ങൾക്ക് അടുത്ത കാലം വരെ ബാങ്കുകൾ 3.5-4 ശതമാനം പലിശയാണ് നൽകിയിരുന്നത്. ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധിക ബാധ്യത ജൂണിൽ റിസർവ് ബാങ്ക് ഏറ്റെടുത്തു.

രാജ്യത്തെ വിദേശ നാണ്യ ശേഖരം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു ഇത്. പിന്നാലെ ബാങ്കുകൾ ഉയർന്ന പലിശ നൽകാൻ തയാറായി. നിലവിൽ 6-7.5 ശതമാനം വരെയാണ് പലിശ. അവസരം മുതലെടുത്ത പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കാനും തുടങ്ങി. ഏറ്റവും കൂടുതൽ പണമെത്തിയത് യുഎഇയിൽ നിന്നാണ്.

യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വലിയ ഡിമാൻഡില്ലെന്നും കണക്ക് പറയുന്നു.

X
Top