ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന

മുംബൈ: ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉല്‍പ്പന്നങ്ങളിലൊന്നാണ് സ്വര്‍ണം. 2025-26ല്‍ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം 72 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. 2026 ജനുവരിയില്‍ ആദ്യമായി ഇന്ത്യക്കാര്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ കൂടുതല്‍ തുക ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 11.01 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് വര്‍ധനയാണിത്. അതേസമയം, വെള്ളി ഇറക്കുമതി 43 ശതമാനം കുറഞ്ഞ് 547 ദശലക്ഷം ഡോളറായി.

രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ഒരു ഡോളറിന് 100 രൂപയെന്ന നിലയിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയില്‍ വലിയ വര്‍ധന വരുത്തിയത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായിരുന്നു.

ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന ജലപാതകളുടെ ഗതാഗതത്തെ സംഘര്‍ഷ സാഹചര്യം ബാധിച്ചത് ആഗോള ഊര്‍ജവില ഉയരാനും വിതരണ-വ്യാപാര ശൃംഖലകളില്‍ തടസ്സമുണ്ടാകാനും ഇടയാക്കി. വിദേശ നിക്ഷേപകരില്‍ ആശങ്ക വര്‍ധിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള നിക്ഷേപ പിന്‍വലിക്കലും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

മെയ് മാസത്തിന്റെ മധ്യത്തോടെ ഒരു ഡോളറിന് 97 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ഇന്ധന ഉപഭോഗം, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍, സ്വര്‍ണ്ണം വാങ്ങല്‍ എന്നിവ ഒരു വര്‍ഷത്തേക്ക് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

രാജ്യത്തിന്റെ വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനും ഇറക്കുമതി ചെലവ് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.

X
Top