
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം രേഖപ്പെടുത്തി. 2026 ജൂൺ 30ന് അവസാനിച്ച പാദത്തിൽ ബാങ്കിൻ്റെ അറ്റാദായം മുൻവർഷത്തെ 1,675 കോടി രൂപയിൽ നിന്ന് 213.6 ശതമാനം വർധിച്ച് 5,253 കോടി രൂപയായി.
ബാങ്കിൻ്റെ ആസ്‌തി ഗുണനിലവാരത്തിലും പുരോഗതിയുണ്ടായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി അനുപാതം 3.78 ശതമാനത്തിൽ നിന്ന് 2.78 ശതമാനമായി കുറഞ്ഞു.
ബാങ്കിൻ്റെ ആഗോള ബിസിനസ് 10.2 ശതമാനം വളർച്ചയോടെ 29.98 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങൾ 8.5 ശതമാനം വർധിച്ച് 17.24 ലക്ഷം കോടി രൂപയായപ്പോൾ, വായ്‌പകൾ 12.7 ശതമാനം ഉയർന്ന് 12.73 ലക്ഷം കോടി രൂപയായി.
നെറ്റ് പലിശ മാർജിൻ 2.50 ശതമാനമായി മെച്ചപ്പെട്ടു. റീട്ടെയിൽ വായ്‌പകൾ 17.5 ശതമാനം വളർച്ച നേടിയപ്പോൾ വാഹന വായ്‌പകൾ 34.4 ശതമാനവും എംഎസ്എംഇ വായ്‌പകൾ 19.8 ശതമാനവും വർധിച്ചു.
ഡിജിറ്റൽ ഇടപാടുകളിൽ 24 ശതമാനം വളർച്ചയോടെ 365 കോടി ഇടപാടുകളാണ് ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത്. പിഎൻബി വൺ ആപ്പിൻ്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 270 ലക്ഷമായി ഉയർന്നു.
10,359 ആഭ്യന്തര ശാഖകളും 54,248 ടച്ച് പോയിന്റുകളുമായി ബാങ്ക് ശക്തമായ വിതരണ ശൃംഖല നിലനിർത്തുന്നതായും പിഎൻബി അറിയിച്ചു.






