
മുംബൈ: പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനിരുന്ന തുകയിൽ എൻ.എസ്.ഇ. കുറവ് വരുത്തിയേക്കും. 30,000 കോടി രൂപയിൽനിന്ന് 25,000 കോടിയായി കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചില ഓഹരി ഉടമകൾ തങ്ങളുടെ വിഹിതം വിറ്റഴിക്കുന്നതിൽ നിന്ന് പിന്മാറിയതാണ് കാരണം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതു ഓഹരി വിൽപ്പന എന്ന ഹ്യുണ്ടായ് മോട്ടോർസിന്റെ (27,870 കോടി) റെക്കോർഡ് മറികടക്കാൻ എൻ.എസ്.ഇ.ക്ക് സാധിച്ചേക്കില്ല. ചെറുകിട നിക്ഷേപകരെ ആകർഷിക്കാൻ ഓഹരി വിലപരിധിയും താഴ്ത്തിയിട്ടുണ്ട്. സെപ്റ്റംബർ 18-ന് തുടങ്ങി 25-ഓടെ ലിസ്റ്റിങ് പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓഫർ ഫോർ സെയിൽ
ഐ.പി.ഒ.യുടെ ഭാഗമായുള്ള ഓഫർ ഫോർ സെയിൽ (OFS) വിഹിതത്തിൽ വന്ന മാറ്റമാണ് മൊത്തം തുക കുറയാൻ കാരണമായത്.
നേരത്തേ ആസൂത്രണം ചെയ്തിരുന്ന 6 ശതമാനത്തിൽനിന്ന് ഓഫർ ഫോർ സെയിൽ 5.2 – 5.5 ശതമാനമായി കുറയാൻ സാധ്യതയുണ്ട്.
ഭാവിയിൽ മികച്ച മൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചില ഓഹരി ഉടമകൾ ഇപ്പോൾ ഓഹരികൾ വിൽക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ് കുറയാൻ കാരണം.
ജിയോ പ്ലാറ്റ്ഫോംസിന്റെ വരാനിരിക്കുന്ന 37,700 കോടി രൂപയുടെ ഐ.പി.ഒ.യുമായും എൻ.എസ്.ഇ.ക്ക് മത്സരിക്കേണ്ടതുണ്ട്.
പുതുക്കിയ വില
ഓഹരിയൊന്നിന് 1,700 – 1,785 രൂപ എന്ന നിരക്കിലായിരിക്കും ഐ.പി.ഒ. വരിക. നേരത്തേ 2,000 രൂപയായിരുന്നു കണക്കാക്കിയിരുന്നത്.
കുറഞ്ഞ വില നിശ്ചയിക്കുന്നതിലൂടെ കൂടുതൽ റീട്ടെയിൽ നിക്ഷേപകരെ ഐ.പി.ഒ.യിലേക്ക് ആകർഷിക്കാനും അവർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കാനും എൻ.എസ്.ഇ. ലക്ഷ്യമിടുന്നു.
സമയക്രമം
സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നത്: സെപ്റ്റംബർ 18.
അവസാനിക്കുന്നത്: സെപ്റ്റംബർ 22.
ലിസ്റ്റിങ് തീയതി: സെപ്റ്റംബർ 25.
പൂർണ്ണമായും ഒരു ഓഫർ ഫോർ സെയിൽ (OFS) ആണ്. അതായത്, ഇതിലൂടെ ലഭിക്കുന്ന തുക മുഴുവൻ ഓഹരികൾ വിറ്റഴിക്കുന്ന നിലവിലെ ഉടമകൾക്കാണ് ലഭിക്കുക; എക്സ്ചേഞ്ചിന് ഇതിൽനിന്ന് ഫണ്ട് ലഭിക്കില്ല. പത്തു വർഷത്തോളം നീണ്ട കാത്തിരിപ്പിനും റെഗുലേറ്ററി തടസ്സങ്ങൾക്കും ശേഷമാണ് എൻ.എസ്.ഇ. ഐ.പി.ഒ. യാഥാർത്ഥ്യമാകുന്നത്.






