
പ്രമുഖ ഐ.ടി കമ്പനിയായ കോഫോർജിന്റെ ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ ഒ.പി. ഭട്ട് ബോർഡിൽ നിന്ന് രാജിവെച്ചു. ആന്തരിക ഓഡിറ്റ് അവലോകനത്തെ തുടർന്ന് കമ്പനിയുടെ ബോർഡ് മൂല്യനിർണ്ണയ പ്രക്രിയയെച്ചൊല്ലി ഉയർന്ന അഭിപ്രായവ്യത്യാസങ്ങളാണ് രാജിയെന്ന് വ്യക്തമായതോടെ ബി.എസ്.ഇയിൽ കമ്പനിയുടെ ഓഹരി മൂല്യം 6 ശതമാനത്തോളം ഇടിഞ്ഞു. 2006 മുതൽ 2011 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന ഒ.പി. ഭട്ട്, 2024-ലാണ് കോഫോർജിന്റെ അമരത്തെത്തിയത്.
2026 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിലെ ആന്തരിക ഓഡിറ്റിലാണ് ബോർഡ് ഇവാലുവേഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വിവരങ്ങൾ മറച്ചുവെച്ചതും ശ്രദ്ധയിൽപ്പെട്ടത്. റിപ്പോർട്ടിലെ ചില പ്രധാന വിവരങ്ങളും ചെയർമാന്റെ പ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ബോർഡിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ല.
ഇതിൽ ബോർഡ് വിശദീകരണം തേടുകയും വിഷയം പരിഗണനയിലിരിക്കുകയും ചെയ്യവെ സെപ്റ്റംബർ 8-നാണ് ഭട്ട് രാജി സമർപ്പിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ തുടരുന്നത് ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് രാജി എന്ന് ഭട്ട് ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം നടന്ന വാർഷിക പൊതുയോഗത്തിൽ ഭട്ടിന്റെ പുനർനിയമനത്തെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ അഡ്വെന്റ് എതിർത്തതും തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഭട്ടിന്റെ രാജി നിലവിൽ വന്നതോടെ, നോൺ-എക്‌സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടറായ വിവേക് ശർമ്മയെ 2027 ജനുവരി 31 വരെ കമ്പനിയുടെ ഇടക്കാല ചെയർമാനായി നിയമിച്ചു.






