
ബെംഗളൂരു: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക് കുതിക്കുന്നു. കയറ്റുമതി മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിയത് ഐഫോണുകളാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മൂല്യം 23.4 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നേട്ടമായ 9.84 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.97 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. മികച്ച ഐഫോണ്‍ കയറ്റുമതിയുടെ പിന്തുണയോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.
രാജ്യത്തിന്റെ ആകെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന കയറ്റുമതിയുടെ 64.8 ശതമാനവും (15.2 ബില്യണ്‍ ഡോളര്‍) ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകളുടെ സംഭാവനയാണ്. ഇതില്‍ ഏറ്റവും വലിയ വിപണിയായി യുഎസ് തുടരുന്നു എന്നത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ക്ക് ആഗോളതലത്തിലുള്ള ശക്തമായ ഡിമാന്‍ഡാണ് വ്യക്തമാക്കുന്നത്. ആപ്പിളിന്റെ നിര്‍മ്മാണ പങ്കാളിയായ ഫോക്സ്‌കോണ്‍ ഹോണ്‍ ഹായ് കഴിഞ്ഞ വര്‍ഷം മാത്രം കയറ്റുമതിയില്‍ 48 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി 2 ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് മൂല്യം തൊട്ടിരുന്നു. ഇതോടെ എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലുമുള്ള രാജ്യത്തെ ഏറ്റവും വലിയ സിംഗിള്‍ ബ്രാന്‍ഡഡ് കയറ്റുമതിക്കാരായി ആപ്പിള്‍ മാറി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2.6 ട്രില്യണ്‍ രൂപയിലെത്തിയപ്പോള്‍, അതിന്റെ 75 ശതമാനത്തിലധികവും (ഏകദേശം 22 ബില്യണ്‍ ഡോളര്‍) ഐഫോണുകളുടെ സംഭാവന മാത്രമാണ്.
സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതിയും പ്രത്യേക സാമ്പത്തിക മേഖലകളിലെ പരിഷ്‌കാരങ്ങളുമാണ് ഈ ദ്രുതഗതിയിലുള്ള വികാസത്തിന് കരുത്തുപകര്‍ന്നത്. ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനുള്ള ഉയര്‍ന്ന ബജറ്റ് പിന്തുണയും വിദേശ നിക്ഷേപ ഇളവുകളും ആഗോള ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കിയിരിക്കുകയാണ്.






