ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

പെരിയാർ പശുവിന് ഔദ്യോഗിക ബ്രീഡ് പദവി

കൊച്ചി: വെച്ചൂർ പശുവിന് ശേഷം രാജ്യത്തിന്റെ തനത് ബ്രീഡായി (Indigenous Breed) ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന കേരളത്തിൽനിന്നുള്ള രണ്ടാമത്തെ കന്നുകാലി ഇനമായി ‘പെരിയാർ പശു’. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള കർണാലിലെ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ആണ് പെരിയാർ കുള്ളനെ പ്രത്യേക ഇനമായി ഔദ്യോഗികമായി അംഗീകരിച്ച് രജിസ്റ്റർ ചെയ്തത്.

പെരിയാർ പശുക്കളുടെ ജനിതക, ശാരീരിക പ്രത്യേകതകളെ കുറിച്ച് കൂടുതലറിയുന്നതിനും ഒരു പ്രത്യേക ബ്രീഡ് പദവി നൽകുന്നതിനുമുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായും പെരിയാർ തീരത്തെ കർഷകരുമായും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുമായും സഹകരിച്ച് ഐ.സി.എ.ആർ. നേരത്തെ തന്നെ പഠനങ്ങൾ ആരംഭിച്ചിരുന്നു.

കേരളത്തിൽനിന്ന് ഇതുവരെ വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, തലശ്ശേരി കോഴി, കുട്ടനാടൻ ചാര/ചെമ്പല്ലി താറാവ് എന്നീ അഞ്ചിനങ്ങൾക്ക് മാത്രമായിരുന്നു തനത് മൃഗ/പക്ഷി ബ്രീഡുകളായി ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിരുന്നത്. ഈ പട്ടികയിലാണ് ഇപ്പോൾ പെരിയാർ പശുക്കൾ ആറാമത്തെ ഇനമായി ഇടം പിടിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ ജീവരേഖയെന്ന് പേരും പെരുമയുമുള്ള പെരിയാർ നദിയുടെ തീരപ്രദേശങ്ങളിലെ വനാതിർത്തി ഗ്രാമങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തോട്ടമേഖലകളും മലയടിവാരങ്ങളുമാണ് പെരിയാർ പശുക്കളുടെ വംശഭൂമിക.

പെരിയാറിന്‍റെ തീരപ്രദേശങ്ങളും വനാതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലകളുമായ എറണാകുളം ജില്ലയിലെ കോടനാട്, പാണംകുഴി, പാണിയേലി, മലയാറ്റൂർ, വടാട്ടുപാറ, കാലടി പ്ലാൻറേഷൻ, ഭൂതത്താൻകെട്ട് ഡാമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിൽ പെരിയാർ പശുക്കളെ ധാരാളമായി കാണാം.

ആലുവാ പുഴയെന്നും ചൂർണ്ണയെന്നും പൂർണ്ണയെന്നും പെരിയാറിന് പല പേരുകളുള്ളതുപോലെ ഹൈറേഞ്ച് ഡ്വാർഫ്, കുട്ടമ്പുഴ കുള്ളൻ, പാണിയേലി കുള്ളൻ, അയ്യൻപുഴ കുള്ളൻ എന്നിങ്ങനെ പെരിയാർ ഒഴുകുന്ന നാടുകളിൽ പെരിയാർ പശുക്കൾക്കും വിളിപ്പേരുകൾ പലതാണ്.

നദിയുടെ തീരത്തെ തോട്ടങ്ങളിൽ വ്യാപകമായതിനാൽ തോട്ടപ്പശുക്കൾ എന്ന പേരും പെരിയാർ പശുക്കൾക്ക് സ്വന്തം. നദീതീരത്തെ കർഷകരെ കൂടാതെ തോട്ടം മേഖലയിലെ തൊഴിലാളികളും ഈ പശുക്കളെ ഇന്ന് സംരക്ഷിക്കുന്നുണ്ട്.

അതിരാവിലെ തീറ്റ തേടിയിറങ്ങുന്ന ഈ പശുക്കൾ ചെറുകൂട്ടങ്ങളായി കിലോ മീറ്ററുകളോളം വനത്തിൽ മേഞ്ഞ് നടന്നശേഷം സന്ധ്യയാവുമ്പോൾ തിരികെയെത്തി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തമ്പടിക്കും. ഈ കൂട്ടത്തിൽനിന്നു പ്രസവിക്കാറായ പശുക്കളെ കണ്ടെത്തി കർഷകർ തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോവും.

ചെവികൾ ചെറുതായി വെട്ടി അടയാളമിട്ടാണ് കർഷകർ തങ്ങളുടെ പശുക്കളെ തിരിച്ചറിയുന്നത്. നൂറിൽപരം പെരിയാർ പശുക്കളെ സ്വന്തമായുള്ള തൊഴിലാളികൾ കാലടി, മലയാറ്റൂർ പ്ലാൻറേഷനുകളിലുണ്ട്.

ഒരു മീറ്ററോളം മാത്രമാണ് പശുക്കളുടെ ഉയരമെങ്കിലും കുത്തനെ വളർന്ന് അകത്തേക്ക് വളഞ്ഞ മുകളറ്റം കൂർത്ത ബലിഷ്ഠമായ കൊമ്പുകളും പാർശ്വങ്ങളിലേക്ക് നീണ്ട ചെവികളും തോളിലെ കുഞ്ഞൻ പൂഞ്ഞിയും കഴുത്തിനടിയിൽ ഇളകിയാടുന്ന ഇറക്കമുള്ള താടയും നിലത്തറ്റം മുട്ടുന്ന വാലുകളും കുറുകിയ കുളമ്പുമെല്ലാം പെരിയാർ പശുക്കളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും.
ആട്ടുകൊമ്പുകൾ എന്നറിയപ്പെടുന്ന ഇളകിയാടുന്ന കൊമ്പുകളുള്ളവയെയും കൊമ്പുകളില്ലാത്ത പശുക്കളെയും കാണാം.

വെളുപ്പ്, കറുപ്പ്, ചാരനിറം, തവിട്ട് തുടങ്ങിയ വർണ്ണ വൈവിധ്യങ്ങളിൽ പെരിയാർ പശുക്കളെ കാണാം. മുപ്പതു വർഷത്തിലേറെ ആയുസ്സുള്ള ഈ പശുക്കൾ വർഷാവർഷം പ്രസവിക്കുന്നതിനാൽ ‘ആണ്ടുകണ്ണി’ എന്ന വിശേഷണവുമുണ്ട്. ഒരു കറവക്കാലത്ത് സാധാരണയായി 160 മുതൽ 200 ദിവസം വരെയാണ് ഇവ പാലുൽപ്പാദനം തരുന്നത്.

പ്രതിദിനം ശരാശരി 2.5 മുതൽ 4 ലിറ്റർ വരെ മാത്രമാണ് പാൽ ഉത്പാദനമെങ്കിലും ഇതിന്റെ സ്വാദും മണവും ഗുണവുമെല്ലാം പകരം വെക്കാനില്ലാത്തതാണ്, പാലിന്‍റെ കൊഴുപ്പളവും ഏറെയാണ്.

കാട്ടിലും മറ്റും മേയുന്നതിനിടെയേൽക്കുന്ന ചെറുമുറിവുകളൊഴിച്ചാൽ മറ്റ് രോഗങ്ങളൊന്നും പെരിയാർ പശുക്കളെ കാര്യമായി ബാധിക്കാറില്ലെന്ന ഉയർന്ന രോഗപ്രതിരോധ ശേഷിയും ഇവയുടെ സവിശേഷതയാണ്.

X
Top