
ചോളത്തിന്റെയും സോയാബീന്റെയും വിളവെടുപ്പ് ആരംഭിച്ചതോടെ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തിയത് അമേരിക്കൻ കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു.
കമ്പൈനുകൾ, ട്രാക്ടറുകൾ, ട്രക്കുകൾ എന്നിവയുടെ പ്രവർത്തനച്ചെലവ് ഉയർന്നതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. സെപ്റ്റംബർ ആദ്യവാരം ഗാലണിന് 5.85 ഡോളറിലെത്തിയ ഡീസൽ വില സെപ്റ്റംബർ 11 വെള്ളിയാഴ്ച 6.05 ഡോളറായി ഉയർന്നതായി എ.എ.എ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് മുൻപ് രേഖപ്പെടുത്തിയ 3.76 ഡോളറിനേക്കാൾ 60 ശതമാനത്തോളം വർദ്ധനവാണിത്.
വളം, വിത്തുകൾ, രാസവസ്തുക്കൾ എന്നിവയുടെ വില വർദ്ധനവിന് പിന്നാലെയെത്തിയ ഇന്ധനവിലക്കയറ്റം കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. വയലുകളിൽ നിന്നും ധാന്യ ശേഖരണ കേന്ദ്രങ്ങളിലേക്കും വിപണികളിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് ഇന്ധനച്ചെലവ് ഇരട്ടിയോളമായി. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതെ വിളവെടുപ്പ് സാധ്യമല്ലാത്തതിനാൽ ഉയർന്ന വിലയിലും ഡീസൽ വാങ്ങാൻ കർഷകർ നിർബന്ധിതരാകുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയരാനും ഡീസൽ ക്ഷാമത്തിനും കാരണമായത്.
ഉയർന്ന ഉൽപ്പാദനച്ചെലവും ഇന്ധന പ്രതിസന്ധിയും കാരണം ചെറുകിട ഫാമുകൾ സാമ്പത്തികമായി കടുത്ത സമ്മർദ്ദത്തിലാണെന്ന് വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.






