
പാലക്കാട്: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റി പദ്ധതിക്കുള്ള കേന്ദ്രവിഹിതത്തിന്റെ അഞ്ചാം ഗഡുവായി 428.14 കോടി രൂപയും തത്തുല്യ സംസ്ഥാനവിഹിതമായി 424.18 ഏക്കര്‍ ഭൂമിയും കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷന് ലഭിച്ചു. ഇതോടെ സ്മാർട് സിറ്റി പദ്ധതിക്കുള്ള കേന്ദ്ര- സംസ്ഥാന വിഹിതങ്ങളുടെ 90 ശതമാനവും കോര്‍പ്പറേഷന് കൈമാറിക്കിട്ടി.
കേരള സർക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി).
അഞ്ചു ഗഡുക്കളായി 1362.6 കോടി രൂപയാണ് ഇതുവരെ എന്‍ഐസിഡിഐടി വഴി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 1313.18 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരും കൈമാറി. ആകെ 1489 കോടി രൂപ ചെലവിട്ട് 1450 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്ര വഴി ഏറ്റെടുത്തിട്ടുള്ളത്.
കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് ആനുപാതികമായ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ ഗഡുക്കളായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്ന തുകയും ഭൂമിയും കോര്‍പ്പറേഷന് പൂര്‍ണമായും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ചാംഘട്ടമായി കോര്‍പ്പറേഷന് കൈമാറിയ 424.18 ഏക്കര്‍ ഭൂമിയില്‍ 356.15 ഏക്കര്‍ പുതുശ്ശേരി സെന്‍ട്രലിലും 68.03 ഏക്കര്‍ കണ്ണമ്പ്രയിലുമാണ്. ഇതോടെ പദ്ധതിക്കായി പുതുശ്ശേരി സെന്‍ട്രലില്‍ 1002.15 ഏക്കറും കണ്ണമ്പ്രയില്‍ 311.03 ഏക്കറുമാണ് കോര്‍പ്പറേന്റെ കൈവശമെത്തിയത്.
രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടതുപോലെ 2029 ഏപ്രിലില്‍തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം ഭൂമിയുടെ അലോട്മെന്റും പൂര്‍ത്തിയാക്കി സ്മാര്‍ട് സിറ്റി പൂര്‍ണതോതില്‍ സജ്ജമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അലോട്മെന്റിനുള്ള നടപടികള്‍ ജനുവരിയില്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കളക്ടറും എൻഐസിഡിസി ഉദ്യോഗസ്ഥരും എല്ലാമാസവും പദ്ധതിയുടെ നിര്‍മാണപുരോഗതി വിലയിരുത്തുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു.
സ്മാര്‍ട് സിറ്റിയുടെ രൂപകല്‍പന മുതല്‍ നിര്‍മാണവും മെയിന്റനന്‍സും ഉള്‍പ്പെടെയുള്ള സമഗ്ര വികസനത്തിനുള്ള ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറാണ് നല്‍കിയിട്ടുള്ളത്.
കരാര്‍ കമ്പനി സമര്‍പ്പിക്കുന്ന ഡിസൈന്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ സത്വര പരിശോധന നടത്തി അനുമതി ലഭ്യമാകുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുകയാണ്.
പാലക്കാട് ഐഐടി, തിരുച്ചിറപ്പള്ളി എന്‍ഐടി എന്നിവിടങ്ങളില്‍നിന്നുള്ള സാങ്കേതികനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഡിസൈന്‍ തയ്യാറാക്കുന്നത്. പദ്ധതിപ്രദേശത്ത് 20 കിലോമീറ്ററോളം റോഡിന്റെ സബ്ഗ്രേഡ് ജോലികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.






