
ന്യൂഡല്‍ഹി: നൈപുണ്യം ആവശ്യമുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള് പ്രദാനം ചെയ്യുന്ന കമ്പനികളുടെ അധിക നികുതി ബാധ്യത 45,000 കോടി രൂപയാകും.
അത്തരം സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) കുടിശ്ശിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് പരോക്ഷ നികുതി ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അവലോകനം ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിഎസ്ടി ആരംഭിച്ച 2017 തൊട്ടുള്ള കുടിശ്ശികയാണ് തിട്ടപ്പെടുത്തിയത്.
അതേസമയം 2017 ജൂലൈ മുതല്‍ കമ്പനികള്‍ക്ക് 28 ശതമാനം നികുതി ചുമത്തുമോ എന്ന കാര്യം വ്യക്തമല്ല. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് പൂര്‍ണ്ണ മൂല്യത്തില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്ന കേന്ദ്ര ചരക്ക് സേവന നികുതി നിയമ ഭേദഗതികള്‍ കേന്ദ്ര മന്ത്രിസഭ ഈയിടെ അംഗീകരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
ഒക്ടോബര്‍ 1 മുതല്‍ നികുതി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ താല്‍പ്പര്യപ്പെടുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ട്. ഭേദഗതികള്‍ പാസായാല്‍ ചട്ടങ്ങളും വിജ്ഞാപനം ചെയ്യും.
നിലവില്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ മൊത്തം വരുമാനത്തിന് (ഗ്രോസ് ഗെയിമിങ് റവന്യു-ജിജിആര്‍) 18% ആണ് നികുതി.
ചില സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ നികുതി നടപ്പാക്കി 6 മാസത്തിനു ശേഷം വിലയിരുത്തല്‍ നടത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും.