വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രംഉൽപ്പാദന മേഖലയുടെ വളർച്ച അഞ്ച് വർഷത്തെ താഴ്ന്ന നിലയിൽജിഎസ്ടി വരുമാനത്തിൽ വന്‍ കുതിച്ചുചാട്ടം; കേരളത്തിനും മികച്ച നേട്ടം

ലുലു ഐടി ട്വിന്‍ ടവേഴ്സിലെ ഒരു ടവര്‍ ഇനി ‘നോണ്‍ പ്രോസസിങ് ഏരിയ ഓഫ് സെസ്’; 2.5 ലക്ഷം ചതുരശ്ര അടി പ്രീ-ലീസ് ചെയ്തു

സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐടി ട്വിന്‍ ടവേഴ്സിലെ ഒരു ടവര്‍ ‘നോണ്‍ പ്രോസസിങ് ഏരിയ ഓഫ് സെസ്’ (Non Processing Area of SEZ) ആക്കി മാറ്റിയതായി ലുലു ഐടി പാര്‍ക്സ് പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും കയറ്റുമതി കേന്ദ്രീകൃത കമ്പനികള്‍ക്ക് പുറമെ, ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെ ബാക്ക് ഓഫീസുകള്‍ക്കും ഇവിടെ സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.

ആകെ 25 ലക്ഷം (2.50 മില്യണ്‍) ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ട്വിന്‍ ടവേഴ്സില്‍, 12.5 ലക്ഷം ചതുരശ്ര അടിയുള്ള ഒരു ടവറാണ് ഇത്തരത്തില്‍ മാറ്റിയെടുത്തിരിക്കുന്നത്. ബാക്കി 12.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടവര്‍ നിലവിലുള്ളത് പോലെ സെസ് (SEZ) ആയി തന്നെ തുടരും.

തദ്ദേശീയ കമ്പനികള്‍ക്കും ബാക്ക് ഓഫീസ് തുറക്കാം
സാധാരണയായി സെസ് (Special Economic Zone) പ്രോസസിങ് ഏരിയകളില്‍ കയറ്റുമതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന (IT/ITES) കമ്പനികള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ‘നോണ്‍ പ്രോസസിങ് ഏരിയ ഓഫ് സെസ്’ ആയി മാറുന്നതോടെ, ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന തദ്ദേശീയ കമ്പനികള്‍ക്കും ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങള്‍ക്കും (BFSI) ഇവിടെ ബാക്ക് ഓഫീസ് ആരംഭിക്കാന്‍ അനുമതി ലഭിക്കും.

വളര്‍ന്നുവരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ ഫ്‌ളെക്‌സിബിളായ ബിസിനസ് അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഐടി പാര്‍ക്‌സ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പില്‍ പറഞ്ഞു. ഒരേ ക്യാമ്പസില്‍ തന്നെ എസ്.ഇ.സെഡ്, നോണ്‍-എസ്.ഇ.സെഡ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോണ്‍-എസ്.ഇ.സെഡ് ഓഫീസ് സ്‌പേസുകള്‍ക്ക് കൊച്ചിയില്‍ വലിയ ഡിമാന്‍ഡാണ് ഉള്ളത്. പുതിയ സൗകര്യം നിലവില്‍ വന്നതോടെ മൊത്തം സ്‌പേസിന്റെ 20 ശതമാനത്തോളം ഇതിനകം പ്രീ-ലീസ് ചെയ്തുകഴിഞ്ഞു. ബാക്കിയുള്ള സ്‌പേസുകള്‍ക്കായി പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് കമ്പനി വ്യക്തമാക്കി.

ഐടി, ഐടിഇഎസ് കമ്പനികള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (GCC), മള്‍ട്ടിനാഷണല്‍ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബിഎഫ്എസ്‌ഐ (BFSI) സ്ഥാപനങ്ങള്‍, ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി കമ്പനികള്‍ തുടങ്ങിയവയ്ക്ക് ആഭ്യന്തര-കയറ്റുമതി ബിസിനസുകള്‍ ഒരുപോലെ നടത്താന്‍ ഈ മാറ്റം സൗകര്യമൊരുക്കും.

30,000 തൊഴിലവസരങ്ങള്‍ ലക്ഷ്യം
പുതിയ ഇളവ് പ്രാബല്യത്തില്‍ വന്നതോടെ, നിലവിലുള്ള പ്രതികൂല ആഗോള സാമ്പത്തിക അന്തരീക്ഷത്തിലും കൂടുതല്‍ വേഗത്തില്‍ കമ്പനികള്‍ക്ക് ലീസിംഗ് നല്‍കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. നിലവില്‍ 2,500 പേര്‍ ഈ ക്യാമ്പസില്‍ ജോലി ചെയ്യുന്നു. പുതിയ മാറ്റത്തോടെ ഈ ടവറിലൂടെ മാത്രം 12,000 – 13,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. രണ്ട് ടവറുകളിലുമായി ആകെ 30,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലൂലു ഐടി പാര്‍ക്സ് ലക്ഷ്യമിടുന്നത്.

മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വാടകയും ജീവനക്കാരുടെ കുറഞ്ഞ ചെലവും മികച്ച ടാലന്റ് പൂളും കൊച്ചിയുടെ അനുകൂല ഘടകങ്ങളായതിനാല്‍ വന്‍കിട കമ്പനികളുമായി ലീസിംഗ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള ഒരു ഐടി ഡെസ്റ്റിനോഷനാക്കി കൊച്ചിയെ മാറ്റുക എന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ദീര്‍ഘകാല വിഷന്‍ന്റെ ഭാഗമാണ് ഈ നീക്കവും.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും ലീഡ് പ്ലാറ്റിനം (LEED Platinum) സര്‍ട്ടിഫിക്കേഷനുള്ളതുമായ ഐടി ടവറുകളാണ് ലുലു ഐടി ട്വിന്‍ ടവറിലേത്. ഈ മാറ്റത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംയോജിത (SEZ & Non-SEZ) ഗ്രേഡ്-എ ഓഫീസ് പോര്‍ട്ട്‌ഫോളിയോ ഉള്ള സ്ഥാപനമായി ലുലു ഐടി പാര്‍ക്‌സ് മാറി.

X
Top