നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഓഹരി വിപണിയിൽ എത്തുംമുമ്പേ ബംപർ ഹിറ്റായി എൻഎസ്ഇ ഓഹരി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ എൻഎസ്ഇയുടെ ഓഹരികൾ ഇനിയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ലിസ്റ്റ് ചെയ്ത പല കമ്പനികളേക്കാളും സൂപ്പർ ബംപർ ഹിറ്റായി മുന്നേറുകയാണ് എൻഎസ്ഇ ഓഹരി.

എൻഎസ്ഇയുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് അനുമതി നൽകാനുള്ള നീക്കങ്ങൾ സെബി ഊർജിതമാക്കിയിട്ടുണ്ട്. നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഐപിഒയുമാണിത്.

തീരുമാനം വൈകാതെ ഉണ്ടായേക്കും. കഴിഞ്ഞ സാമ്പത്തികവർഷം (2024-25) എൻഎസ്ഇ 17,141 കോടി രൂപയുടെ വരുമാനവും 12,188 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. വരുമാനം 16% ഉയർന്നപ്പോൾ ലാഭം കുതിച്ചത് 47%.

ലിസ്റ്റ് ചെയ്ത കമ്പനികളെപ്പോലും അമ്പരിപ്പിക്കുംവിധമാണ് എൻഎസ്ഇ ഓഹരികൾക്ക് കിട്ടുന്ന സ്വീകരണം. 2021ൽ ഓഹരിവില 740 രൂപയായിരുന്നു. കഴിഞ്ഞദിവസം വില 2,300 രൂപ കടന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുംമുമ്പ് കമ്പനികളുടെ ഓഹരികൾ അനൗദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടാറുണ്ട്.

ഗ്രേ മാർക്കറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഗ്രേ മാർക്കറ്റിലാണ് എൻഎസ്ഇ ഓഹരി വില കുതിച്ചുപായുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം മുന്നേറ്റം 50 ശതമാനത്തിലധികം. എൻഎസ്ഇയുടെ മൊത്തം ഓഹരി ഉടമകളുടെ എണ്ണം ഒരുലക്ഷം കടന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഒരു അൺലിസ്റ്റഡ് കമ്പനിക്ക് ഇന്ത്യയിൽ ഇത്രയും ഓഹരി ഉടമകളുണ്ടാകുന്നത് ആദ്യം, അപൂർവം.
അൺലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ വിൽക്കുന്ന നിരവധി വെൽത്ത് മാനേജ്മെന്റ് കമ്പനികളുണ്ട്.

അതേസമയം, വാങ്ങാനുദ്ദേശിക്കുന്നവർ കൃത്യവും യുക്തവുമായ വില കണ്ടെത്തി വേണം വാങ്ങൽ ഉടമ്പടിയിലേക്ക് കടക്കാൻ. അല്ലെങ്കിൽ വലിയ നഷ്ടമുണ്ടായേക്കാം.

പർച്ചേസ് എഗ്രിമെന്റ് അഥവാ വാങ്ങൽ ഉടമ്പടി അൺലിസ്റ്റഡ് ഓഹരി ക്രയവിക്രയത്തിന് ഉറപ്പാക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. ഓഹരി വാങ്ങുന്നതിന് ഡിമാറ്റ് അക്കൗണ്ട്, പാൻ, ആധാർ എന്നിവ ഉൾപ്പെടെ കെവൈസി നടപടികളും പൂർത്തിയാക്കണം.

കൈമാറ്റം ചെയ്യുന്ന ഓഹരികളുടെ എണ്ണം, മൂല്യം എന്നിവയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ് എൻഎസ്ഇ. ലോകത്ത് വിപണിമൂല്യത്തിൽ അഞ്ചാമതും. 2016 മുതൽ തന്നെ എൻഎസ്ഇ പ്രാരംഭ ഓഹരി വിൽപനയ്ക്കായി ശ്രമിക്കുന്നുണ്ട്.

നിലവിൽ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ എൻഎസ്ഇക്ക് ഇന്ത്യൻ കമ്പനികൾക്കിടയിൽ 11-ാം സ്ഥാനമുണ്ട്. 5.70 ലക്ഷം കോടി രൂപയാണ് വിലയിരുത്തുന്ന മൂല്യം. ഐടിസി, എൽ ആൻഡ് ടി എന്നിവയേക്കാളും മുന്നിൽ.

അൺലിസ്റ്റഡ് കമ്പനികളിൽ മൂല്യത്തിൽ ഒന്നാമതുമാണ് എൻഎസ്ഇ. എതിരാളിയും ലിസ്റ്റഡ് കമ്പനിയുമായ ബിഎസ്ഇയുടെ മൂല്യം 97,840 രൂപയാണ്. ബിഎസ്ഇയുടെ ഓഹരിവില 2,400 രൂപയും.

ഐപിഒയ്ക്ക് മുമ്പ്, ഗ്രേ മാർക്കറ്റിൽ ബിഎസ്ഇ ഓഹരിക്ക് വില 200 രൂപയായിരുന്നു. ഐപിഒ ഇഷ്യൂവില 806 രൂപ. ലിസ്റ്റ് ചെയ്തത് നേട്ടത്തോടെ 1,069 രൂപയിൽ.

ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എൻഎസ്ഇക്ക് കഴിയുമെന്ന് വിലയിരുത്തുന്നവരുണ്ട്. എൻഎസ്ഇയുടെ ഐപിഒയ്ക്ക് അനുമതി നൽകാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് സെബി ചെയർമാൻ തുഹീൻ കാന്ത പാണ്ഡേയും വ്യക്തമാക്കിയിട്ടുണ്ട്.

2016 മുതൽ ഐപിഒയ്ക്കായി ശ്രമിക്കുകയാണെങ്കിലും പിന്നീട് പല പ്രതിസന്ധികളുണ്ടായി. 10,000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് സെബിക്ക് അന്ന് അപേക്ഷയും സമർപ്പിച്ചിരുന്നു.

സെബിയുമായുള്ള പ്രശ്നങ്ങൾ 1,000 കോടിരൂപയോളം അടച്ച് പരിഹരിക്കാനുള്ള ശ്രമം എൻഎസ്ഇയും നടത്തുന്നുണ്ട്.

എൻഎസ്ഇയിലെ ഉന്നതരുടെ വേതനം, ഭരണനിർവഹം, ഓഹരി ഉടമസ്ഥാവകാശം, ടെക്നോളജി, അനധികൃത കോ-ലൊക്കേഷൻ സെർവർ ആക്സസ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെബി പ്രശ്നങ്ങൾ ഉന്നയിച്ചത്.

ചില ട്രേഡർമാർക്ക് അനധികൃതമായി കോ-ലൊക്കേഷൻ സെർവർ ആക്സസ് നൽകുകയും അന്യായമായ ലാഭം നേടാൻ സഹായിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. തുടർന്നായിരുന്നു ഐപിഒയ്ക്ക് സെബി അനുമതി നിഷേധിച്ചത്.

X
Top