
പെട്രോൾ വില ലീറ്ററിന് 5 രൂപയും ഡീസൽ വില ലീറ്ററിന് 3 രൂപയും ഉയർത്തി നയാര എനർജി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണ കമ്പനിയാണ് നയാര. ക്രൂഡോയിൽ വിലവർധിച്ചതിനെ തുടർന്നുള്ള പ്രവർത്തനനഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. പുതുക്കിയ വില നിലവിൽ വന്നു.
രാജ്യത്ത് 7108 പെട്രോൾ പമ്പുകൾ നയാര എനർജിക്കുണ്ട്. കഴിഞ്ഞ മാർച്ചിലും നയാര പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില വർധിച്ചതിന്റെ ഭാരം ഉപയോക്താക്കളിലേക്ക് ആദ്യം പകർന്ന കമ്പനിയും നയാരയാണ്. പിന്നീട് പൊതുമേഖലാ എണ്ണവിതരണ കമ്പനികളും വില കൂട്ടിയിരുന്നു. കഴിഞ്ഞ മേയിൽ പെട്രോൾ, ഡീസൽ വില ശരാശരി 7.50 രൂപയാണ് ലീറ്റിന് പൊതുമേഖലാ കമ്പനികൾ കൂട്ടിയത്.
അതേസമയം, നയാര പിന്നീട് ജൂലൈ ഒന്നിന് പെട്രോൾ വില ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറയ്ക്കുകയും ചെയ്തു. ഇന്ത്യയിൽ 90% പെട്രോൾ പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയുടെ കീഴിലാണ്. ഇന്ത്യയിലാകെ 1.04 ലക്ഷം പെട്രോൾ പമ്പുകളുണ്ട്.
പൊതുമേഖലാ കമ്പനികൾ പെട്രോൾ ലീറ്ററിന് 8 രൂപയും ഡീസൽ ലീറ്ററിന് 9 രൂപയും നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപനയിൽ പ്രതിദിനം 530 കോടി രൂപയാണ് കമ്പനികളുടെ നഷ്ടമെന്നും ഇക്ര ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ ഇന്ധനവില
∙ പെട്രോൾ : 115.49 രൂപ
∙ ഡീസൽ : 104.40 രൂപ
(ഇന്ത്യൻ ഓയിൽ തിരുവനന്തപുരം വില)






