Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

രണ്ടാഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകൾ നേരിടുന്ന നഷ്ടം ₹52,000 കോടി

തിവേഗത്തിൽ വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പരമ്പരാഗത സോഫ്റ്റ്‍വെയർ മേഖലയ്ക്ക് ഉയർത്തുന്ന ഭീഷണിയെ തുടർന്ന് ഐടി ഓഹരികളിൽ നേരിടുന്ന കനത്ത തിരിച്ചടിയിൽ കൈപൊള്ളി രാജ്യത്തെ മ്യൂച്വൽ ഫണ്ട് ഹൗസുകൾ.

ഫെബ്രുവരി മാസം ഇതുവരെയായി ഐടി ഓഹരികളിൽ നേരിട്ട വീഴ്ചയിൽ നിന്നും മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം പോർട്ട്ഫോളിയോ മൂല്യത്തിൽ 50,000 കോടിയിലേറെ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഏസ് ഇക്വിറ്റീസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു.

ജനുവരി മാസത്തിനൊടുവിലെ കണക്കുകൾ പ്രകാരം, ഐടി സെക്ടറിലെ 10 മുൻനിര ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപമൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു.

എന്നാൽ ഫെബ്രുവരി 13-ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ ഇതേ ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപമൂല്യം 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. അതായത് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള 10 മുൻനിര ഐടി ഓഹരികളിലെ നിക്ഷേപമൂല്യത്തിൽ 52,000 കോടി രൂപയുടെ കുറവുണ്ടായെന്ന് സാരം.

ഐടി ഓഹരികളുടെ പ്രകടനം
മ്യൂച്വൽ ഫണ്ടുകൾക്ക് ഏറ്റവുമധികം നിക്ഷേപമുള്ള ഇൻഫോസിസ് ഓഹരി ഫെബ്രുവരിയിൽ ഇതുവരെയായി 16.6 ശതമാനം ഇടിവ് കുറിച്ചു. മ്യൂച്വൽ ഫണ്ടുകളുടെ കൈവശം കൂടുതലുള്ള ടിസിഎസ് ഓഹരിയിൽ 13.8 ശതമാനവും എച്ച്സിഎൽ ടെക്നോളജി ഓഹരി വില 14.2 ശതമാനവും ടെക് മഹീന്ദ്ര ഓഹരിയിൽ 12 ശതമാനം വീതവുമാണ് ഈമാസം ഇതുവരെയുള്ള കാലയളവിൽ ഇടിവ് നേരിട്ടത്.

ഇതോടെ ജനുവരി മാസത്തിനൊടുവിൽ ഇൻഫോസിസ് ഓഹരിയിൽ മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപമൂല്യം 1,36,534 കോടി രൂപയിൽ നിന്നും ഇപ്പോൾ 1,11,394 കോടി രൂപയായി താഴ്ന്നു. അതുപോലെ ടിസിഎസ് ഓഹരിയിലുള്ള മൊത്തം നിക്ഷേമൂല്യം 62,270 കോടിയിൽ നിന്നും 53,663 കോടിയായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറവ് രേഖപ്പെടുത്തി. സമാനമായി എച്ച്സിഎൽ ടെക് ഓഹരിയിൽ 5,803 കോടിയും ടെക് മഹീന്ദ്ര ഓഹരിയിൽ 3,917 കോടിയും കൊഫോർജ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യത്തിൽ 3,673 കോടിയുടെ കുറവും ഫെബ്രുവരിയിൽ ഇതുവരെയായി കുറിച്ചു.

എന്തുകൊണ്ടാണ് ഇടിവ്?
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് പുറത്തിറക്കിയ ഏജന്റിക് എഐ പ്ലാറ്റ്ഫോം ക്ലോഡ് കോവർക്കിനു (Claude Cowork) വേണ്ടി ഈമാസം തുടക്കത്തിൽ ലഭ്യമാക്കിയ ഓപ്പൺ-സോഴ്സ് പ്ലഗിനുകളുടെ കാര്യശേഷിയുടെ മികവ് വെളിപ്പെട്ടതോടെയാണ് പരമ്പരാഗത ഐടി വ്യവസായ മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ച ആശങ്കയുയർന്നത്.

ബിസിനസ് പ്രവർത്തനങ്ങളിലുള്ള ഡൊമൈൻ-സ്പെസിഫിക് ജോലികൾ നിർവഹിക്കാൻ തക്കവിധം പുതിയതായി അവതിരിപ്പിച്ച പ്ലഗിനുകൾക്ക്, ക്ലോഡിന്റെ ഏജന്റിക് എഐ കഴിവുകളെ ഉയർത്താൻ സാധിച്ചതോടെ സോഫ്റ്റ്‍വെയർ വികസനത്തിൽ നിന്നുള്ളത് മാത്രമല്ല സോഫ്റ്റ്‍വെയർ സംവിധാനത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് ആവർത്തിച്ചു കിട്ടാമായിരുന്ന വരുമാനത്തെയും ഭാവിയിൽ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ഐടി ഓഹരികളെ തകർച്ചയിലേക്ക് തള്ളിവിട്ടത്.

ഐടി സെക്ടറിൽ ഇനിയെന്ത്?
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഇന്ത്യയുടെ പുതിയ റിസർച്ച് റിപ്പോർട്ടിൽ, അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് ഐടി കമ്പനികളുടെ വരുമാന വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമെന്നാണ് സൂചിപ്പിച്ചത്.

നിലവിലുള്ള കരാർ സേവനങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം കുറയുന്നതിലൂടെ എഐ ഉപയോഗപ്പെടുത്തി ലഭിക്കാവുന്ന പുതിയ സ്രോതസ്സിൽ നിന്നുള്ള വരുമാനം തട്ടിക്കഴിച്ചു പോകുന്നതാണ് ഇതിന് കാരണം.

വൻകിട ഐടി കമ്പനികളുടെ കൂട്ടത്തിൽ ടിസിഎസ്, ടെക് മഹീന്ദ്ര, എൽടിഐ മൈൻഡ്ട്രീ എന്നിവയ്ക്ക് ആപ്ലിക്കേഷൻ സർവീസസ് വിഭാഗത്തിൽ (നിർദിഷ്ട സോഫ്റ്റ്‍വെയർ വികസനം, പരിപാലനം ഒക്കെ ഉൾപ്പെടുന്ന സേവനം) 55 മുതൽ 60 ശതമാനം വരെയാണ് എക്സ്പോഷർ ഉള്ളത്.

ഇതിൽ തന്നെ ഇആർപി (ERP) സേവനങ്ങളിലേക്ക് ഏറ്റവുമധികം എക്സ്പോഷർ ഉള്ളത് വിപ്രോ, എൽടിഐ മൈൻഡ്ട്രീ എന്നിവയ്ക്കാണ്. ഏകദേശം 20 ശതമാനത്തോളം വരുമിത്.

X
Top