
മുംബൈ: മ്യൂച്വൽ ഫണ്ട് സ്കീമുകളെ തരംതിരിക്കുന്നതും നിർവചിക്കുന്നതും സംബന്ധിച്ച നിയമ ചട്ടക്കൂട് പരിഷ്കരിച്ചുകൊണ്ട്, രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി (SEBI) പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ 2025 ഓക്ടോബർ 6-നും നവംബർ 6-നും അവതരിപ്പിച്ച വിജ്ഞാപനം പിൻവലിച്ചുകൊണ്ടാണ് ഇന്ന് (2026 ഫെബ്രുവരി 26) പരിഷ്കരിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്കും അസറ്റ് മാനേജ്മെന്റ് കമ്പനികൾക്കും (എ.എം.സി) ട്രസ്റ്റീ കമ്പനികൾക്കും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയ്ക്കും (ആംഫി – AMFI) പുതിയ മാറ്റങ്ങൾ ബാധകമാണ്. സെബിയുടെ പുതിയ ഉത്തരവോടെ മ്യൂച്വൽ ഫണ്ട് സ്കീമുകൾ എങ്ങനെ ക്രമീകരിക്കപ്പെടുമെന്നും നിക്ഷേപകരെ എങ്ങനെയിത് ബാധിക്കുമെന്നും നോക്കാം.
പൊതുവായ 5 വിഭാഗങ്ങളിൽ മാറ്റമില്ല
മ്യൂച്വൽ ഫണ്ട് സ്കീമുകളെ, അവയുടെ നിക്ഷേപ വിന്യാസത്തിന്റെയും വൈവിധ്യവത്കരണത്തിന്റേയും അടിസ്ഥാനത്തിൽ പൊതുവായി അഞ്ച് വിഭാഗങ്ങളിലായി തരംതിരിക്കുന്ന രീതിക്ക് സെബിയുടെ പുതിയ സർക്കുലറിലും മാറ്റമില്ല.
ഇക്വിറ്റി സ്കീം – ഫണ്ടിന്റെ ഭൂരിഭാഗവും ഓഹരികളിലോ അനുബന്ധ ഉപാധികളിലോ നിക്ഷേപിക്കുന്നവ.
ഡെറ്റ് സ്കീം (Debt Scheme) – ഭൂരിഭാഗം കടപ്പത്രങ്ങളിലോ ബോണ്ടുകളിലോ അനുബന്ധ ഉപാധികളിലോ നിക്ഷേപിക്കുന്നവ.
ഹൈബ്രിഡ് സ്കീം – അനുവദിച്ചിട്ടുള്ള നിശ്ചിത വിഹിതം വീതം ഓഹരി, കടപ്പത്രം, ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ, കമ്മോഡിറ്റി എന്നിവയിലോ അനുബന്ധ ഉപാധികളിലോ ആയി നിക്ഷേപിക്കുന്നവ.
ലൈഫ് സൈക്കിൾ ഫണ്ട് – നിക്ഷേപകരുടെ സമയക്രമം അടിസ്ഥാനമാക്കി ഓഹരി, കടപ്പത്രം എന്നിവയിലേക്ക് ക്രമേണ നിക്ഷേപ വിന്യാസം മാറ്റുന്നവ.
മറ്റുള്ള സ്കീമുകൾ – ഫണ്ട് ഓഫ് ഫണ്ട്സ് (FoF), ഇൻഡക്സ് ഫണ്ട്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) എന്നിങ്ങനെയുളളവ.
അതേസമയം ഓരോ സ്കീമിലും അത് ലക്ഷ്യമാക്കുന്ന പ്രധാന അസറ്റിൽ (Core Asset) നിഷ്കർഷിച്ചിട്ടുള്ള നിശ്ചിതവിഹിതത്തിൽ നിക്ഷേപിച്ചതിനുശേഷം മിച്ചംവരുന്ന പണം (Residual Portion), നോൺ-കോർ അസറ്റുകളിൽ നിലനിർത്തണം. ക്യാഷ്, ഡെറ്റ്, മണി മാർക്കറ്റ് പോലുള്ള ഉപാധികളിൽ കോർപസ് ഫണ്ടിന്റെ ബാക്കി സൂക്ഷിക്കുന്നതിലൂടെ ലിക്വിഡിറ്റിയും താത്കാലിക സുരക്ഷയും ഉറപ്പുവരുത്താനാകും.
നേരത്തെ കോർ അസറ്റിലേക്കുള്ള നിശ്ചിത വിഹിതം എത്രയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിക്ഷേപത്തിനുശേഷം കോർപസ് ഫണ്ടിൽ മിച്ചംവരുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ല.
ഇക്വിറ്റി സ്കീമുകളിലെ നിക്ഷേപ വിന്യാസം
സെബി പുറത്തിറക്കിയ പുതിയ ഉത്തരവിൽ, ഇക്വിറ്റി സ്കീമുകളിലെ ഓരോ ഇനത്തിലും വിവിധ ഓഹരി വിഭാഗങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ നിക്ഷേപ വിന്യാസം പരിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ രൂപഘടന കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ കഴിയും. ചില മാറ്റങ്ങൾ താഴെ ചേർക്കുന്നു.
മൾട്ടി-ക്യാപ് ഫണ്ട്: ഓഹരികളിലും വാറന്റ്, ഡെറിവേറ്റീവ്, റീറ്റ്സ് പോലുള്ള ഇക്വിറ്റി അനുബന്ധ ഉപാധികളിലും ചുരുങ്ങിയത് 75 ശതമാനമെങ്കിലും നിക്ഷേപിച്ചിരിക്കണം. ഇതിൽ തന്നെ ചുരുങ്ങിയത് 25 ശതമാനം നിക്ഷേപം ലാർജ്/ മിഡ്/ സ്മോൾ ക്യാപ് വിഭാഗം ഓഹരികളിലായി വിന്യസിച്ചിരിക്കണം. ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്കീം എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ലാർജ് ക്യാപ് ഫണ്ട്: ചുരുങ്ങിയത് 80 ശതമാനം കോർപസ് ഫണ്ടെങ്കിലും ലാർജ് ക്യാപ് കമ്പനികളുടെ ഓഹരികളിലോ അനുബന്ധ ഉപാധികളിലോ നിക്ഷേപിക്കണം.
ലാർജ് & മിഡ് ക്യാപ് ഫണ്ട്: ചുരുങ്ങിയത് 35 ശതമാനം വീതമെങ്കിലും ലാർജ് ക്യാപ്, മിഡ് ക്യാപ് വിഭാഗം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കണം.
എന്ത് മനസ്സിലാക്കണം?
സ്കീമിന്റെ പേരിനോട് കൂറ് പുലർത്തുന്നവിധം (true-to-label) നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി മ്യൂച്വൽ ഫണ്ട് ഹൗസുകളെ പ്രേരിപ്പിക്കുന്നതാണ്, സെബി ഇന്ന് പുറത്തിറക്കിയ ഉത്തരവ്. സ്കീമുകളുടെ ക്ലാസിഫിക്കേഷൻ സംബന്ധിച്ച നിയമങ്ങളിൽ വ്യക്തത വരുത്തിയാണ് ഉത്തരവെങ്കിലും വിപണിയിൽ നിലവിലുള്ള സ്കീമുകൾ പുതിയ പരിഷ്കാരങ്ങളോട് ചേർന്നുനിൽക്കുന്നതിനായി നിർബന്ധിത ലയനമോ അടച്ചുപൂട്ടലോ ഒന്നും നിർദേശിച്ചിട്ടില്ല. പോർട്ട്ഫോളിയോ റീബാലൻസിങ് നടത്തി പുതിയ ക്ലാസിഫിക്കേഷൻ നിയമം പാലിക്കാനാണ് ഫണ്ടുകൾ ശ്രമിക്കേണ്ടതെന്ന് സാരം.
എസ്.ഐ.പിയിലും മാറ്റങ്ങളൊന്നും വരുന്നില്ലെങ്കിലും റീബാലൻസിങ് കാലയളവിനിടയിൽ ഫണ്ടുകളുടെ പ്രകടനം താത്കാലികമായി നിറംമങ്ങാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ രൂപഘടന കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ നിക്ഷേപകർക്ക് ഇനി മുതൽ കഴിയും.
ഫണ്ട് ഫാക്ട്ഷീറ്റ് നോക്കി ക്ലാസിഫിക്കേഷനോട് ചേരുന്നവിധമാണോ ഓഹരികളെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയതെന്ന് നിക്ഷേപകർക്ക് ഇടയ്ക്കിടെ പരിശോധിച്ചുനോക്കാവുന്നതാണ്.






