
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് സാധ്യതയേറി. പദ്ധതിക്ക് പൂവാറില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഏകോപന ഉദ്യോഗസ്ഥനെ നിയോഗിക്കാനും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കത്തുനല്‍കി.
സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ സൃഷ്ടിക്കുന്നതിനും കപ്പല്‍ വ്യവസായത്തിന് നിര്‍ണായക പങ്കുണ്ടെന്ന് കേന്ദ്രതുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
പൂവാറിലെ കപ്പല്‍ നിര്‍മാണശാലക്ക് സ്ഥലം കണ്ടെത്താന്‍ 2011ല്‍ കേന്ദ്രം സമാനമായ കത്ത് നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ പദ്ധതി മുടങ്ങുകയായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സാധ്യമാക്കിയ ശേഷം കപ്പല്‍ നിര്‍മാണ ശാല പരിഗണിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മാരിടൈം അമൃത്കാല്‍ വിഷന്‍ 2047ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് പുതുജീവന്‍ വച്ചത്. 2047 എത്തുമ്പോള്‍ കൊച്ചി-വിഴിഞ്ഞം തുറമുഖ ഇടനാഴി ഉള്‍പ്പെടെ രാജ്യത്ത് ആറ് മെഗാ തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിഴിഞ്ഞം തുറമുഖത്ത് നിന്നും 10 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന പൂവാര്‍ തീരത്ത് വലിയ കപ്പലുകള്‍ക്ക് പോലും അടുക്കാന്‍ കഴിയുന്ന ആഴമുണ്ട്. തീരത്ത് നിന്നും അരകിലോമീറ്ററോളം ദൂരത്തില്‍ കടലിന് 13 മീറ്ററോളം സ്വാഭാവിക ആഴമുണ്ട്.
അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചാല്‍ തീരത്തെത്താമെന്നതും പൂവാറിനെ കപ്പല്‍ നിര്‍മാണ ശാലക്ക് അനുയോജ്യമാക്കുന്നു എന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.
പദ്ധതിക്ക് വേണ്ടി 2,500 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. പൂവാറിലും പ്രദേശത്തുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇരുന്നൂറോളം ഏക്കര്‍ ഭൂമിയുണ്ട്. ബാക്കി ഭൂമി ഏറ്റെടുത്താല്‍ മതിയാകും.
കപ്പല്‍ശാലയോട് ചേര്‍ന്ന് ടൗണ്‍ഷിപ്പ്, ആശുപത്രി, റോഡ് കണക്ടിവിറ്റി എന്നിവ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. പദ്ധതിയിലൂടെ 15,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
കപ്പല്‍ ശാലയോട് അനുബന്ധിച്ച വ്യവസായങ്ങള്‍ വഴി കോടികളുടെ നികുതി വരുമാനവും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തെത്തുന്ന മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണിയും ഇവിടെ ചെയ്യാനാകും.