
തുടങ്ങിവച്ച പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരായി ഒരിക്കൽ പരിഭവത്തോടെ പടിയിറങ്ങിയ ആന്ധ്രയുടെ മണ്ണിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ തിരിച്ചുവരവ്. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കല്ലിട്ട പദ്ധതിയിൽനിന്ന് 2019ൽ ആയിരുന്നു ലുലുവിന്റെ പിന്മാറ്റം. അന്ന് മുഖ്യമന്ത്രിയായിരുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ഇടപെടലാണ് ‘ഇനി ആന്ധ്രയിലേക്ക് ഇല്ല’ എന്ന തീരുമാനവുമായി ലുലുവിനെ സംസ്ഥാനംവിടാൻ പ്രേരിപ്പിച്ചത്. എന്നാൽ, പിന്നീട് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ നേരിട്ട് കാണുകയും ആന്ധ്രയിലേക്ക് മടങ്ങിവരണമെന്ന് അഭ്യർഥിക്കുകയുമായിരുന്നു.
നായിഡു സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച സ്ഥലത്ത് ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഉയരും. ഇതുൾപ്പെടെ ആന്ധ്രയിൽ ലുലു ഒരുക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് വിശാഖപട്ടണത്ത് നടക്കുന്ന സിഐഐ പാർട്ണർ സമ്മിറ്റ് വേദിയായി. വിശാഖപട്ടണത്ത് ആന്ധ്രയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ, വിജയവാഡ മലവല്ലിയിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം, റായലസീമയിൽ ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ് എന്നിവയാണ് ലുലു സ്ഥാപിക്കുന്നത്. ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കൈമാറി.
നേരത്തേ വിശാഖപട്ടണത്ത് 2,300 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്റർ തുടങ്ങിയ വമ്പൻ പദ്ധതികളായിരുന്നു ലുലു ആസൂത്രണം ചെയ്തിരുന്നത്. 2014-19 കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഇതിനായി ലുലുവിന് സ്ഥലവും അനുവദിച്ചിരുന്നു. 2019ൽ മുഖ്യമന്ത്രിയായ ജഗൻമോഹൻ റെഡ്ഡി ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു.
ഇതോടെയായിരുന്നു ലുലുവിന്റെ പിന്മാറ്റം.
വിശാഖപട്ടണം മാളിന്റെ നിർമാണപ്രവർത്തനങ്ങൾ ഈയാഴ്ച തുടങ്ങുമെന്നും 3 വർഷത്തിനകം മാൾ പ്രവർത്തനം ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. 5,000 പേർക്കാണ് ഇവിടെ നേരിട്ട് ജോലി കിട്ടുക. 12,000 പേർക്ക് പരോക്ഷമായും. വിജയവാഡ മലവല്ലിയിലെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം ആന്ധ്രയിലെ കർഷകർക്ക് വലിയ നേട്ടമാകും. ഇവിടെ നിന്ന് സംസ്കരിച്ച സുഗന്ധവ്യജ്ഞനങ്ങൾ, മാംഗോ പൾപ്പ്, ഗുവ പൾപ്പ് എന്നിവയുടെ ആദ്യ കയറ്റുമതി 2026 ജനുവരി ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്യും.
നിലവിൽ, ഈജിപ്ത്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് ലുലു ആന്ധ്രയിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. മലവല്ലി കേന്ദ്രം സജ്ജമാകുന്നതോടെ കയറ്റുമതി കൂടുതൽ ഉഷാറാകും. റായലസീമയിൽ ലോജിസ്റ്റിക്സ്, കയറ്റുമതി കേന്ദ്രത്തിന്റെ നിർമാണം 6 മാസത്തിനകം തുടങ്ങും.
1,222 കോടി രൂപയാണ് നിർദിഷ്ട വിശാഖപട്ടണം ലുലുമാളിന്റെ നിർമാണച്ചെലവ്. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഫൺടൂറ, മൾട്ടിപ്ല്ക്സ് തീയേറ്ററുകൾ, ഫുഡ് കോർട്ട് എന്നിങ്ങനെ സൗകര്യങ്ങളുണ്ടാകും. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്റെ ഹാര്‍ബര്‍ പാര്‍ക്കിലെ 13.74 ഏക്കറിൽ 13.5 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ നിർമിക്കുക. 99 വർഷത്തേക്കാണ് പാട്ടക്കരാർ. നിരവധി ആനുകൂല്യങ്ങൾ ഉറപ്പ് നൽകിയാണ് ചന്ദ്രബാബു നായിഡു സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയത്.
ലുലു ഗ്രൂപ്പിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഭക്ഷ്യമന്ത്രി നദൻല മനോഹർ എന്നിവർ എതിരഭിപ്രായം അറിയിച്ചിരുന്നു. ഇതുമറികടന്നാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. ആന്ധ്രയ്ക്ക് നഷ്ടമായ പദ്ധതികൾ തിരികെക്കൊണ്ടുവരുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
ലുലുവിന്റെ പുത്തൻ പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനച്ചടങ്ങളിൽ ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദ്, വ്യവസായ മന്ത്രി ടി.ജി. ഭരത്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവരും സംബന്ധിച്ചു.
നേരത്തേ സ്വിറ്റ്സർലൻഡിലെ ദാവോസിൽ വച്ചായിരുന്നു ലുലു ഗ്രൂപ്പിനെ വീണ്ടും നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചത്. തുടർന്ന്, കൊച്ചിയിലെ ലുലുമാളിലെത്തിയ നായിഡു, സൗകര്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കിയിരുന്നു. വിശാഖപട്ടണം ലുലുമാൾ ആന്ധ്രയുടെ ‘നവരത്നം’ ആകുമെന്ന് അഭിപ്രായപ്പെട്ട നായിഡു, സംസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെത്താൻ പദ്ധതി സഹായിക്കുമെന്നും പറഞ്ഞു.






