
ന്യൂഡൽഹി: ട്രംപിന്റെ പുതിയ 10% താരിഫിന്റെ പരിധിയിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും പെടുന്നില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ യുഎസുമായി ഒരു ക്വോട്ട സംവിധാനം പരിശോധിക്കുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. ഇന്ത്യ യുഎസുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണ്.
അതിന്റെ ഫലമായാണ് ഇന്ത്യക്ക് കുറഞ്ഞ താരിഫ് ചുമത്തിയത് എന്നും കേന്ദ്രം പറഞ്ഞു.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന ചില ഉത്പന്നങ്ങൾ താരിഫുകൾ ആകർഷിക്കുന്നതല്ല. മരുന്നുകൾ, ഫോണുകൾ തുടങ്ങിയ ചില ഉത്പന്നങ്ങൾ താരിഫുകൾ ഉള്ളതല്ല. പുതിയതായി പ്രഖ്യാപിച്ച 10% താരിഫിൽ അവ പെടുന്നുമില്ല.
യുഎസ് ട്രേഡ് എക്സ്പാൻഷൻ ആക്ട് പ്രകാരമുള്ള വസ്തുക്കൾക്കും നികുതിയില്ല. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് താരിഫുകൾ ഇല്ല. മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തപ്പെട്ടിട്ടുള്ള താരിഫിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയുടേത് കുറവാണെന്നും കേന്ദ്രം പറഞ്ഞു.
ജൂലൈ 24നാണ് ഇന്ത്യക്ക് മേൽ യുഎസ് പുതിയ താരിഫ് ഏർപ്പെടുത്തിയത്. നിർബന്ധിത തൊഴിൽ നടത്തി നിർമിച്ച വസ്തുക്കൾ വിൽക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ട്രംപിന്റെ നടപടി. നിലവിൽ 10 ശതമാനം താരിഫ് ആണ് ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയിരിക്കുന്നത്. ചില രാജ്യങ്ങൾക്ക് 12.5% താരിഫ് വരെ ചുമത്തിയിട്ടുണ്ട്.
ട്രംപ് നേരത്തെ പ്രഖ്യാപിച്ച 10 ശതമാനം തീരുവയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, ബ്രിട്ടൻ, കാനഡ, പാകിസ്ഥാൻ, ശ്രീലങ്ക, മെക്സിക്കോ തുടങ്ങി നിരവധി രാജ്യങ്ങൾക്കും തീരുവ ചുമത്തിയിട്ടുണ്ട്. നിർബന്ധിത തൊഴിൽ തീരുവ എന്ന പേരിലാണ് താരിഫുകൾ ചുമത്തിയിരിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള 38 രാജ്യങ്ങൾക്ക് 12.5 ശതമാനമാണ് തീരുവ.
നേരത്തെ ഇന്ത്യക്ക് 12.5% തീരുവയാണ് ചുമത്തിയിരുന്നത് എന്നും പിന്നീട് അത് കുറയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ട്രംപ് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച തീരുവകളെ യുഎസ് സുപ്രീംകോടതി ചോദ്യം ചെയ്യുകയും റദ്ദാക്കുകയും ചെയ്തിരുന്നു. പ്രത്യേകാധികാരത്തിലൂടെ ചുമത്തിയ തീരുവ വെറും 150 ദിവസത്തേക്കാണ് എന്നായിരുന്നു ട്രംപ് അന്ന് മറുപടി നൽകിയത്. ആ കാലാവധി കഴിയാറായതോടെയാണ് മറ്റൊരു പേരിൽ ട്രംപ് തീരുവ പുനഃസ്ഥാപിച്ചിരിക്കുന്നത്.






