
കാഠ്മണ്ഡു: 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ ‘കറൻസി പ്രതിസന്ധി’ക്ക് പരിഹാരവുമായി നേപ്പാൾ. ഇനി മുതൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഇന്ത്യൻ, നേപ്പാൾ പൗരന്മാർക്ക് 25,000 രൂപ വരെ കയ്യിൽ കരുതാമെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക്.
200, 500 രൂപയുടെ കറൻസികളും ഇങ്ങനെ സൂക്ഷിക്കാമെന്നതാണ് പ്രത്യേകത. എന്നാൽ 2018 നവംബർ 9നു മുൻപ് പുറത്തിറങ്ങിയ 500,1000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾക്കുള്ള നിരോധനം ഇനിയും തുടരും. ഈ തീയതിക്ക് ശേഷമുള്ള നോട്ടുകൾക്ക് നിരോധനം ബാധകമല്ലെന്നും ബാങ്ക് വ്യക്തമാക്കി.
കറൻസി പ്രതിസന്ധി
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ. പല ഇന്ത്യക്കാരും വിനോദ സഞ്ചാരത്തിനായി നിത്യേന നേപ്പാളിലേക്ക് പോകുന്നുണ്ട്. ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി തിരിച്ച് നേപ്പാളികളും ഇന്ത്യയിലെത്തും. എന്നാൽ 2018ൽ 500,1000 രൂപയുടെ കറൻസികൾ ഇന്ത്യ നിരോധിച്ചു. പകരം പുതിയ ഡിസൈനിലുള്ള 500 രൂപ നോട്ടും 2000 രൂപയുടെ പുത്തൻ കറൻസിയും പുറത്തിറക്കി.
പിന്നാലെ 100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തി. ചുരുക്കി പറഞ്ഞാൽ 25,000 രൂപയും 100 രൂപ നോട്ടായി തന്നെ കരുതണം.
ഇതോടെ, 200,500 രൂപയുടെ കറൻസിയുമായി നേപ്പാളിലേക്ക് പോകുന്നതിന് തടസമുണ്ടായി. അതിർത്തിയിൽ ഇന്ത്യൻ രൂപ നേപ്പാളി രൂപയിലേക്കോ അമേരിക്കൻ ഡോളറിലേക്കോ മാറ്റേണ്ടിയും വന്നു. ചിലയിടങ്ങളിൽ 100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസിയുമായി ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായും പിഴ ചുമത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇത്തരം നടപടികൾ രാജ്യത്ത് ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിലും അവർ രാജ്യത്ത് പണം ചെലവാക്കുന്നതിലും കുറവുണ്ടാക്കിയെന്ന് നേപ്പാളിലെ വ്യാപാരികളുടെ സംഘടന ആരോപിച്ചിരുന്നു.
ഇക്കാര്യം നേപ്പാളിലെ പാർലമെന്റിൽ വരെ ചർച്ചയായി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് 200,500 രൂപയുടെ കറൻസിയും അനുവദിക്കാൻ തീരുമാനമായത്. പുതിയ നിയമത്തോടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇന്ത്യൻ രൂപയുമായി യാത്ര ചെയ്യുന്നതും പണമിടപാടുകളും കൂടുതൽ സുഗമമാകുമെന്നാണ് കരുതുന്നത്. എന്നാൽ മൂന്നാമതൊരു രാജ്യത്ത് നിന്ന് നേപ്പാളിലേക്ക് ഇന്ത്യൻ കറൻസി കൊണ്ടുവരാൻ അനുവാദമില്ല.
നേപ്പാളിൽ നിന്ന് ഇന്ത്യ അല്ലാതെ മറ്റൊരു രാജ്യത്തേക്ക് ഇന്ത്യൻ രൂപ കൊണ്ടുപോകാനും കഴിയില്ല.






