
റിയാദ്: സൗദി അറേബ്യയിലെ തുവൈഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ സൗദിയിലെ ലുലു സ്റ്റോറുകളുടെ എണ്ണം 71 ആയി ഉയർന്നു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് തുവൈഖിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. 65,000 ചതുരശ്ര അടിയിലുള്ള തുവൈഖ് ലുലു ഹൈപ്പർ മാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽ അജ്‌ലാൻ, സൗദി അറേബ്യയിലെ യുഎഇഅംബാസഡർ മതർ സലീം അൽദഹേരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എംഎ അഷറഫ് അലി, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എംഎ സലിം, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.