
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബൈനാൻസിന് (Binance) നേരെ സൈബർ ആക്രമണം. സുരക്ഷാ വീഴ്ചയെ തുടർന്ന് തങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാത്തരം നിക്ഷേപങ്ങളും പിൻവലിക്കലുകളും താൽക്കാലികമായി നിർത്തിവെച്ചു. ഏകദേശം 14,000 കോടി ഡോളറിന്റെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചാണ് ബൈനാൻസ്.
ഹാക്കിങ്ങിനെ തുടർന്ന് ബൈനാൻസിലുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം 100 കോടി ഡോളറിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് സ്ഥാപകൻ ചാങ്‌പെങ് ഷാവോ മുന്നറിയിപ്പ് നൽകി. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിങ്ങാണ് നടന്നിരിക്കുന്നത്. 1.7 ബില്യൺ ഡോളർ മുതൽ 5.7 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷാ പരിശോധനകൾ നടത്താനും, ഫണ്ടുകൾ മരവിപ്പിക്കാനും അന്വേഷണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാനുമാണ് ഇടപാടുകൾ നിർത്തിവെച്ചതെന്ന് ബൈനാൻസ് വ്യക്തമാക്കി. നിലവിൽ 300 കോടി ഡോളറോളം തുക മരവിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. തട്ടിപ്പിന് പിന്നാലെ ടെതർ (Tether) കമ്പനി തങ്ങളുടെ 154.7 കോടി ഡോളറിന്റെ ടോക്കണുകൾ മരവിപ്പിച്ചു. കൂടാതെ രണ്ടാമത്തെ വലിയ സ്റ്റേബിൾകോയിൻ കമ്പനിയായ സർക്കിൾ (Circle) 80 കോടി ഡോളറിന്റെ കോയിനുകളും മരവിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ ഫണ്ടുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ബൈനാൻസ് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾ തുടരുകയാണെന്നും, ഉപയോക്താക്കൾക്കുണ്ടായ എല്ലാ സാമ്പത്തിക നഷ്ടങ്ങളും ബൈനാൻസ് പൂർണ്ണമായും നികത്തുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
ഹാക്കിംഗ് വാർത്ത പുറത്തുവന്നതോടെ മുൻനിര ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യത്തിൽ ഇടിവുണ്ടായി. പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 3.2 ശതമാനം ഇടിഞ്ഞ് 78,623 ഡോളർ എന്ന നിലയിലെത്തി. ബൈനാൻസിന്റെ സ്വന്തം ക്രിപ്‌റ്റോ ടോക്കണായ ബി.എൻ.ബി 7.5 ശതമാനം ഇടിഞ്ഞു.
സമീപകാലത്തായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഏപ്രിലിൽ സൊലാന ബ്ലോക്ക്ചെയിനിലെ ‘ഡ്രിഫ്റ്റ്’ (Drift) എക്‌സ്‌ചേഞ്ചിൽ നിന്ന് 28 കോടി ഡോളർ തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ വർഷം വടക്കൻ കൊറിയൻ ഹാക്കർമാർ ;ബൈബിറ്റ്; (Bybit) എക്‌സ്‌ചേഞ്ചിൽ നിന്ന് 150 കോടി ഡോളർ തട്ടിയെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. ബൈനാൻസിലെ ആക്രമണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റും (Polymarket) തേർഡ് പാർട്ടി സേവനദാതാവിലെ തകരാർ കാരണം പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.






