Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ്

ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ നിര്‍മാണ മേഖല കരുത്തോടെ മുന്നേറുന്നു. ഒക്ടോബറില്‍ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ് (പിഎംഐ) 54.7 ആയി. സെപ്റ്റംബറിലെ 55.1ല്‍ നിന്ന് നേരിയ ഇടിവുണ്ടായെങ്കിലും, വികാസത്തെയും സങ്കോചത്തെയും വേര്‍തിരിക്കുന്ന 50 പോയിന്റിന് മുകളില്‍ തുടരുന്നത് മേഖലയുടെ കരുത്ത് വ്യക്തമാക്കുന്നു.

ഉല്‍പ്പാദനത്തിന്റെയും പുതിയ ഓര്‍ഡറുകളുടെയും വളര്‍ച്ച മന്ദഗതിയിലായതാണ് സൂചിക താഴാന്‍ കാരണം. പ്രത്യേകിച്ച് ഇടനില ഉല്‍പ്പന്ന നിര്‍മാതാക്കളുടെ വളര്‍ച്ച കുറഞ്ഞത് മൊത്തം വളര്‍ച്ചയെ ബാധിച്ചു. എന്നാല്‍, ഈ വിഭാഗം തന്നെയാണ് ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇപ്പോഴും മുന്നില്‍.

ആഭ്യന്തര വളര്‍ച്ചയുടെ വേഗം കുറഞ്ഞപ്പോള്‍ കയറ്റുമതി രംഗം രക്ഷയായി. പുതിയ കയറ്റുമതി ഓര്‍ഡറുകളുടെ വളര്‍ച്ച ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. യുഎസ്, യുകെ, കാനഡ, യുഎഇ, സൗദി അറേബ്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ വിപണികളില്‍ നിന്ന് ഓര്‍ഡറുകള്‍ കുത്തനെ ഉയര്‍ന്നു. ശക്തമായ ആഭ്യന്തര വില്‍പ്പനയും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും ഫാക്ടറി ഉല്‍പ്പാദനത്തിന് കരുത്തായി.

എസ് ആന്‍ഡ് പി ഗ്ലോബല്‍ സമാഹരിച്ച സര്‍വേ പ്രകാരം, മെച്ചപ്പെട്ട ആവശ്യകതയും പുതിയ ഉപഭോക്താക്കളെയും വിജയകരമായ വിപണനവും നിര്‍മാതാക്കള്‍ക്ക് തുണയായി. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സാധ്യതയുള്ള ക്ഷാമം മറികടക്കാന്‍ നിര്‍മാതാക്കള്‍ അസംസ്‌കൃത വസ്തുക്കളുടെ കരുതല്‍ശേഖരം വര്‍ധിപ്പിച്ചു. ഇത് എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.

ആശ്വാസകരമായ മറ്റൊരു കാര്യം പണപ്പെരുപ്പം കുറഞ്ഞതാണ്. ചില അസംസ്‌കൃത വസ്തുക്കളുടെയും ഊര്‍ജത്തിന്റെയും ചെലവ് ഉയര്‍ന്നെങ്കിലും മൊത്തത്തിലുള്ള ചെലവ് സമ്മര്‍ദം കഴിഞ്ഞ മാസത്തേക്കാള്‍ കുറഞ്ഞു. വില്‍പ്പനവിലയിലെ പണപ്പെരുപ്പം നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും ശ്രദ്ധേയമാണ്.

X
Top