ഹ്യുണ്ടായ്ക്ക് പിന്നാലെ മറ്റൊരു പ്രമുഖ ദക്ഷിണ കൊറിയൻ ബ്രാൻഡായ എൽജിയും (LG Electronics) ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ/IPO).
2030ഓടെ വരുമാനം 7,500 കോടി ഡോളറായി (ഏകദേശം 6.3 ലക്ഷം കോടി രൂപ) ഉയർത്താൻ ഇന്ത്യയിലെ ഐപിഒ കരുത്താകുമെന്ന് എൽജി ഇലക്ട്രോണിക്സ് സിഇഒ വില്യം ചോ വ്യക്തമാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിലെ വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ (എച്ച്എംഐഎൽ) ഐപിഒയ്ക്കാണ് ഒരുങ്ങുന്നത്. 25,000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡും ഇതുവഴി ഹ്യുണ്ടായ്ക്ക് സ്വന്തമാകും. 2022 മെയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്.
ഇന്ത്യയിൽ ഐപിഒ നടത്തുന്നതിനെ കുറിച്ച് എൽജി ഇലക്ട്രോണിക്സ് അധികൃതരുടെ പരസ്യ പ്രതികരണം ഇതാദ്യമാണ്. രാജ്യാന്തര തലത്തിൽ നിരവധി നിക്ഷേപകർ എൽജി ഇന്ത്യയിൽ ഐപിഒ നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഐപിഒ പരിഗണിക്കുന്നതെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വില്യം ചോ പറഞ്ഞു. 2021ലാണ് ചോ എൽജിയുടെ സിഇഒ ആകുന്നത്. നിലവിൽ 6,500 കോടി ഡോളറാണ് (ഏകദേശം 5.46 ലക്ഷം കോടി രൂപ) എൽജിയുടെ രാജ്യാന്തരതല വരുമാനം.
2024ലെ ആദ്യ ആറുമാസക്കാലത്ത് ഇന്ത്യയിലെ വരുമാനം 14% ഉയർന്നിട്ടുണ്ട്. അറ്റ വരുമാനം (ലാഭം) 27 ശതമാനവും വർധിച്ചു. ഈ വളർച്ച നിലനിർത്താനാണ് ശ്രമങ്ങളെന്നും ചോ പറഞ്ഞു.
നിലവിൽ ലോകത്തെ് ഏറ്റവുമധികം ഐപിഒ നടക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ ഓഹരി വിപണിയും സമ്പദ്‍വ്യവസ്ഥയും ശക്തമായ നിലയിലാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.
ഏതാണ്ട് 189 കമ്പനികളാണ് ഈ വർഷം ഇന്ത്യയിൽ ഐപിഒ നടത്താൻ ശ്രമിക്കുന്നത്. ഇതിൽ 30ഓളം കമ്പനികൾ സജ്ജമായി കഴിഞ്ഞു.