
സ്വിഗ്ഗി, സൊമാറ്റോ, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു.
2020-ലെ സാമൂഹിക സുരക്ഷാ കോഡ് പ്രകാരമാണ് ഈ നിർണായക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഡെലിവറി ജീവനക്കാർ, ഓൺലൈൻ ടാക്സി ഡ്രൈവർമാർ തുടങ്ങി സ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധമില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ഈ പുതിയ നീക്കം വലിയ ആശ്വാസമാകും.
കേന്ദ്ര തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ബോർഡിൽ കേന്ദ്ര-സംസ്ഥാന പ്രതിനിധികളും അഗ്രിഗേറ്റർ കമ്പനികളും തൊഴിലാളി സംഘടനകളും അംഗങ്ങളായിരിക്കും.
തൊഴിലാളികൾക്കായി ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, വാർധക്യ സംരക്ഷണം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ രൂപീകരിക്കുകയും അവയുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ബോർഡിന്റെ പ്രധാന ചുമതല. ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് എത്തിക്കുന്നതിൽ ‘ഇ-ശ്രം’ പോർട്ടലും നിർണായക പങ്ക് വഹിക്കും.
രാജ്യത്ത് അതിവേഗം വളരുന്ന തൊഴിൽ മേഖലയായ ഗിഗ് സെക്ടറിൽ ജോലി സ്ഥിരതയില്ലായ്മയും സുരക്ഷാ ആനുകൂല്യങ്ങളുടെ അഭാവവും വലിയ പ്രതിസന്ധിയായിരുന്നു.
2029-30 ആകുമ്പോഴേക്കും ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിൽ രൂപീകൃതമായ ദേശീയ ബോർഡ് തൊഴിലാളികളുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






