
2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി ഇളവുകള്‍ പോലെയുള്ള സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന നടപടികളില്‍ ധനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും മൂലധന ചെലവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഒന്നിലധികം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സൂചിപ്പിക്കുന്നു.
2024 ജൂലൈ 23ലെ സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയുടെ ബെഞ്ച് മാര്‍ക്ക് ഇന്‍ഡക്‌സുകള്‍ ഏഴ് ശതമാനം ഇടിഞ്ഞു.
മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, കോര്‍പ്പറേറ്റ് വരുമാനം, യുഎസ് വ്യാപാരനയങ്ങള്‍ തുടങ്ങിയ ആശങ്കകളാണ് കാരണം.
ജനുവരിയില്‍ തുടര്‍ച്ചയായി നാലാം മാസവും സെന്‍സസ് നഷ്ടത്തിലാണ്. 23 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിമാസ നഷ്ടമാണിത്.
ഉപഭോഗ വര്‍ധനവ്
ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ ചാക്രിക മാന്ദ്യം പരിഹരിക്കുന്നതിനൊപ്പം മാക്രോ ഇക്കണോമിക്സ് സ്ഥിരത നിലനിര്‍ത്തുക എന്നതായിരിക്കും ബജറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് സാമ്പത്തിക സേവന കമ്പനിയായ സിറ്റി അഭിപ്രായപ്പെട്ടു.
ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഉയര്‍ന്ന വിഹിതത്തില്‍ നിന്നും ആദായനികുതി ഇളവ് പരിധി വര്‍ധിപ്പിക്കുന്നതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീഷയിലാണ് ഉപഭോക്തൃ, കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥാപനങ്ങളെന്ന് ഫിലിപ്പ് ക്യാപിറ്റല്‍ അഭിപ്രായപ്പെട്ടു.
വളം, ഇന്‍ഷുറന്‍സ്, ആരോഗ്യമേഖലകള്‍ ഉയര്‍ന്ന വള സബ്‌സിഡിയില്‍ നിന്ന് നേട്ടമുണ്ടാക്കും. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കല്‍, ലൈഫ്-ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്ക് നികുതി നിരക്ക് കുറയ്ക്കല്‍ എന്നിവയില്‍ നിന്നും അവര്‍ നേട്ടമുണ്ടാക്കുമെന്നും ഫിലിപ്പ് കാപിറ്റല്‍ പറഞ്ഞു.
ക്ഷേമപദ്ധതികളിലെ ചെലവിടല്‍ വര്‍ധിക്കുന്നത് സിമെന്റ്, ഗ്രാമീണ മേഖലയിലെ പുനരുജ്ജീവന പദ്ധതികളെയും നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് ജെഫറീസ് ചൂണ്ടിക്കാട്ടി. ഭാരതി എയര്‍ ടെല്‍, അള്‍ട്രാടെക് സിമെന്റ്, ടിവിഎസ് മോട്ടോര്‍ തുടങ്ങിയ കമ്പനികള്‍ അത്തരം സംരംഭങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ആദായനികുതി ഇളവ്
പത്ത് ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ള വ്യക്തികള്‍ക്ക് കാര്യമായ ആദായനികുതി ഇളവുകള്‍ നല്‍കുന്നത് ഡിമാൻഡ് വര്‍ധിപ്പിക്കുമെന്ന് സിറ്റിയും ജെഫറീസും എടുത്തു പറഞ്ഞു.
ഇതിലൂടെ ഉപഭോക്തൃ ചെലവിടല്‍ വര്‍ധിക്കുമെന്നും ജൂബിലിയന്റ് ഫുഡ് വര്‍ക്‌സ്, ദേവയാനി ഇന്റര്‍നാഷണല്‍, ട്രെന്റ്, വി-ഗാര്‍ഡ്, ഹാവെല്‍സ്, മാരുതി സുസുക്കി ഇന്ത്യ എന്നീ കമ്പനികള്‍ക്ക് നേട്ടമുണ്ടാകുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടി.
തൊഴിലവസരങ്ങള്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പറയുന്നു.
ഇതിന് പുറമെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളെ പിന്തുണയ്ക്കുമെന്നും ഇതിൽനിന്ന് അടിസ്ഥാന സൗകര്യ വികസന മേഖലകളെയും ഉപഭോക്തൃകേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കും നേട്ടമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്പാദനം, നിര്‍മാണം, ടെക്‌സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളെ പോസിറ്റീവായി സ്വാധീനിക്കുമെന്നും ബ്രോക്കറേജുകള്‍ അഭിപ്രായപ്പെട്ടു.
ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കള്‍ക്കുള്ള പിഎല്‍ഐ ബൂസ്റ്റ്
ഇലക്ട്രോണിക്‌സ് മേഖലയിലെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ്(പിഎല്‍ഐ) പദ്ധതിയുടെ വിജയവും നേട്ടം കൊയ്യും.
സിര്‍മ എസ്ജിഎസ്, കെയിന്‍സ് ടെക്, ആംബര്‍ എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ ഇതിൽ പ്രധാന ഗുണഭോക്താക്കളാകും.
2026 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന ചെലവില്‍ 10 ശതമാനം വളര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടാകുമെന്ന് ഒന്നിലധികം ബ്രോക്കറേജുകള്‍ പറയുന്നു.