ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

ഇ കൊമേഴ്‌സ് ഓപ്പറേറ്റർമാർക്ക് ഇ ഇൻവോയ്സ് നിർബന്ധമാക്കണമെന്ന് കേരളം

തിരുവനന്തപുരം: ഇ കൊമേഴ്‌സ് ഓപ്പറേറ്റർമാർക്ക് വിറ്റുവരവുപരിധി നോക്കാതെ ഇ ഇൻവോയ്സ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി കേരളം. ജിഎസ്ടി കൗൺസിലിൽ ഇൗ ആവശ്യം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉന്നയിച്ചു.

നിലവിൽ‌ 5 കോടിക്കു മേൽ വാർഷിക വിറ്റുവരവുള്ളവർക്കാണ് ഇ ഇൻവോയ്സ് നിർബന്ധം. സംസ്ഥാനത്തിന് അർഹമായ ഐജിഎസ്ടി വിഹിതം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി മാറ്റം നിർദേശിച്ചത്.

ഇ കൊമേഴ്‌സ് ഓപ്പറേറ്റർമാർ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പോർട്ടലിലെ ഡ്രോപ് ഡൗൺ മെനുവിൽ നിന്നാണ് ഉപഭോക്തൃ സംസ്ഥാനത്തിന്റെ പേര് തിരഞ്ഞെടുക്കുന്നത്. ഇൗ മെനുവിലെ ആദ്യസ്ഥലം ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദിയു എന്ന കേന്ദ്രഭരണ പ്രദേശമാണ്.

ഇതിൽ കേരളത്തിന്റെ സ്ഥാനം 32–ാമതാണ്. പലപ്പോഴും മറ്റു സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ കേരളത്തിനു ലഭിക്കേണ്ട ഐജിഎസ്ടി വിഹിതം ആ സംസ്ഥാനങ്ങളിലേക്കു പോകുന്നു.

ഇതുപരിഹരിക്കാൻ നിലവിൽ കാര്യക്ഷമമായ സംവിധാനമില്ലെന്നാണ് കേരളത്തിന്റെ പരാതി. പലരൂപത്തിലുള്ള ഐജിഎസ്ടി ചോർച്ച മൂലം വർഷം ശരാശരി 5,000 കോടി രൂപയെങ്കിലും കേരളത്തിനു നഷ്ടപ്പെടുന്നെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ.

രാജ്യത്തെ ഏറ്റവുംവലിയ ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ കഴിഞ്ഞ മാർച്ച് വരെയുള്ള ജിഎസ്ടി വളർച്ചനിരക്ക് ശരാശരി 2% മാത്രമാണ്. രാജ്യത്തെ ഇ കൊമേഴ്‌സ് വിൽപനമൂല്യത്തിന്റെ 3.5% മുതൽ 4.2 % വരെ കേരളത്തിൽ നിന്നാണ്. കേരളത്തിന്റെ ജനസംഖ്യാവിഹിതം ഏകദേശം 2.5 ശതമാനമാണെന്നിരിക്കെയാണിത്.

സംസ്ഥാനത്തിന്റെ ഓൺലൈൻ പർച്ചേസ് വർഷം 30,000 കോടി മുതൽ 38,000 കോടി രൂപ വരെയാണ്. കേരളം ഇത്രയും വലിയ വിപണിയായിട്ടും അർഹമായ നികുതിവിഹിതം ഉറപ്പാക്കാൻ സംവിധാനമില്ല.

എല്ലാ ഇ കൊമേഴ്‌സ് ഓപ്പറേറ്റർമാർക്കും ഇ ഇൻവോയ്സ് നിർബന്ധമാക്കിയാൽ ഓരോ വിൽപനയുടെയും വിതരണസ്ഥലം ഇൻവോയ്സ് സൃഷ്ടിക്കുമ്പോൾത്തന്നെ രേഖപ്പെടുത്തും.

ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിനു കൃത്യമായി ഐജിഎസ്ടി വിഹിതം ലഭിക്കുകയും ചെയ്യും. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചാൽ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

X
Top