
വാഷിംഗ്‌ടൺ: 2026-ലെ ആഗോള ചരക്കുവ്യാപാരത്തിൻ്റെ വളർച്ച സംബന്ധിച്ച പ്രതീക്ഷ ലോക വ്യാപാര സംഘടന ഉയർത്തി. മാർച്ചിൽ 1.9 ശതമാനമായി കണക്കാക്കിയിരുന്ന ചരക്കുവ്യാപാരത്തിൻ്റെ വളർച്ചാ പ്രവചനം ഇപ്പോൾ 3.9 ശതമാനമായി ഉയർത്തി. 2027-ൽ ഈ വളർച്ച 4.1 ശതമാനമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ, വാണിജ്യ സേവന വ്യാപാരത്തിൻ്റെ കാര്യത്തിൽ സംഘടന വളർച്ചാ പ്രതീക്ഷ കുറച്ചിരിക്കുകയാണ്. 2026 ൽ സേവന വ്യാപാരത്തിൻ്റെ അളവിലുള്ള വളർച്ച 4.8 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി താഴ്ത്തി.
പശ്ചിമേഷ്യയിലെ സംഘർഷം അന്താരാഷ്ട്ര യാത്രകളെയും വിനോദസഞ്ചാരത്തെയും ഗതാഗത സേവനങ്ങളെയും ബാധിച്ചതാണ് ഇതിൻ്റെ പ്രധാന കാരണം. കൂടാതെ, ഇന്ധനവില വർധിക്കുന്നത് ഗതാഗത മേഖലയിലെ ചെലവുകൾ ഉയർത്തുകയും ചെയ്യുന്നു.
2027 ൽ വാണിജ്യ സേവന വ്യാപാര വളർച്ച 6.4 ശതമാനമായി ഉയരുമെന്നാണ് ലോക വ്യാപാര സംഘടനയുടെ പ്രതീക്ഷ. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഒന്നിച്ച് കണക്കിലെടുക്കുമ്പോൾ, ആഗോള വ്യാപാരത്തിൻ്റെ അളവ് 2026 ൽ ഏകദേശം 3.7 ശതമാനവും 2027-ൽ 4.7 ശതമാനവും വളരുമെന്നാണ് റിപ്പോർട്ടിലെ കണക്ക്.
ലോക ആഭ്യന്തര ഉൽപ്പാദനം ( 2026-ൽ 2.6 ശതമാനം വളരുമെന്നാണ് പ്രതീക്ഷ. ഏഷ്യയിൽ 4.3 ശതമാനവും ആഫ്രിക്കയിൽ 4.1 ശതമാനവും വളർച്ച പ്രവചിക്കുന്നു.
തെക്കേ അമേരിക്കയിൽ 2.5 ശതമാനവും വടക്കേ അമേരിക്കയിൽ രണ്ട് ശതമാനവും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് മേഖലയിലും യൂറോപ്പിലും യഥാക്രമം 1.7 ശതമാനവും 1.3 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.






