
- റിപ്പോർട്ട് പുറത്തവിട്ട് ലോക വ്യാപാര സംഘടന
ന്യൂഡൽഹി: ലോകത്തെ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതായി ലോക വ്യാപാര സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ. 2025 ൽ 31700 കോടി ഡോളറിൻ്റെ ഡിജിറ്റൽ സേവന കയറ്റുമതി നടത്തിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
രാജ്യത്തിൻ്റെ ഐടി സേവന മേഖലയിലെ ശക്തമായ വളർച്ചയാണ് ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. അതേസമയം, ചരക്കുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് ഇനിയും വലിയ മുന്നേറ്റം കൈവരിക്കാനുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോള വ്യാപാരത്തിൽ ചൈനയുടെ ആധിപത്യം തുടരുമ്പോൾ, ഡിജിറ്റൽ സേവന മേഖലയിൽ ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമാണ്. അമേരിക്കയാണ് ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. സാമ്പത്തിക സേവനങ്ങളിലെയും ആഗോള ധനവിപണിയിലെയും ശക്തമായ സാന്നിധ്യം ബ്രിട്ടനെ രണ്ടാം സ്ഥാനത്തെത്തിച്ചു.
സാങ്കേതിക കമ്പനികളുടെ വരുമാന ഇടപാടുകളിൽ പ്രധാന കേന്ദ്രമായ അയർലൻഡ് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് പിന്നാലെ ജർമനിയും ചൈനയും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്.
ആഗോള ചരക്കുവ്യാപാരത്തിൻ്റെ വളർച്ച, പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പ്രത്യാഘാതങ്ങൾ, എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ കുതിപ്പ് എന്നിവയാണ് ലോക വ്യാപാര സംഘടന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. 2026-ലെ ചരക്കുവ്യാപാര വളർച്ച സംബന്ധിച്ച പ്രവചനം സംഘടന ഉയർത്തിയപ്പോൾ, വാണിജ്യ സേവന വ്യാപാരത്തിൻ്റെ വളർച്ചാ പ്രതീക്ഷ കുറയ്ക്കുകയും ചെയ്‌തു.
ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയുടെ കുതിപ്പ്
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിർത്തികൾ കടന്ന് വിതരണം ചെയ്യുന്ന സേവനങ്ങളുടെ കയറ്റുമതിയിലാണ് ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. 2025ൽ ഇന്ത്യയുടെ ഡിജിറ്റൽ സേവന കയറ്റുമതി 31700 കോടി ഡോളറിലെത്തി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ കയറ്റുമതി വളർച്ച 15 ശതമാനമായിരുന്നു.
അതേസമയം, ഇന്ത്യയുടേതിന് സമാനമായ കയറ്റുമതി മൂല്യമുള്ള ജർമനിയുടെ വളർച്ച ഒമ്പത് ശതമാനമായിരുന്നു. വളർച്ചാനിരക്കിലെ ഈ വ്യത്യാസമാണ് ഇന്ത്യയെ നാലാം സ്ഥാനത്തും ജർമനിയെ അഞ്ചാം സ്ഥാനത്തും എത്തിച്ചത്.
ഐടി സേവനങ്ങൾ, സോഫ്റ്റ്‌വെയർ വികസനം, ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങൾ, ഡിജിറ്റൽ ബിസിനസ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്കുള്ള ശേഷിയാണ് ഈ മുന്നേറ്റത്തിൻ്റെ പ്രധാന അടിത്തറ. ആഗോള കമ്പനികൾക്ക് സാങ്കേതിക സേവനങ്ങൾ നൽകുന്ന ഇന്ത്യൻ സ്ഥാപനങ്ങളും വിദേശ ഉപഭോക്താക്കളുമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്‌ധരും ഈ മേഖലയിലെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നു.
ഡിജിറ്റൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ ശക്തി രാജ്യത്തിന് വിദേശനാണ്യ വരുമാനം വർധിപ്പിക്കാനും ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ നേടാനും സഹായിക്കുന്നു. പരമ്പരാഗത ചരക്കുകയറ്റുമതിയെ അപേക്ഷിച്ച് ഡിജിറ്റൽ സേവനങ്ങൾക്ക് ഭൗതിക ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് കുറവാണ്.
അതിനാൽ, അന്താരാഷ്ട്ര ഗതാഗത തടസങ്ങളും ചരക്കുനീക്കത്തിലെ പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ഡിജിറ്റൽ സേവന വ്യാപാരത്തിന് വളർച്ച തുടരാൻ സാധിക്കും.
എന്നാൽ, ഈ നേട്ടം മാത്രം ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാപാരശേഷിയെ വിലയിരുത്താൻ മതിയാകില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ചരക്കുകളുടെ കയറ്റുമതി വർധിപ്പിക്കുക, ഉൽപ്പാദനമേഖലയുടെ മത്സരക്ഷമത മെച്ചപ്പെടുത്തുക, ആഗോള വിതരണ ശൃംഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ മേഖലകളിലും ഇന്ത്യ മുന്നേറേണ്ടതുണ്ട്.






