Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

കടമെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അന്തിമാനുമതി; ഡിസംബർവരെ എടുക്കാവുന്നത് 17,936 കോടി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി. ഡിസംബർ വരെ 17,936 കോടിയുടെ കടമെടുക്കാനാണ് അനുമതി. കഴിഞ്ഞവർഷം ഇതേകാലത്ത് അനുവദിച്ചതിനെക്കാൾ 5656 കോടിരൂപ കുറവാണിത്. നേരത്തേ 5000 കോടി കടമെടുക്കാൻ താത്കാലിക അനുമതി നൽകിയിരുന്നു. അതുൾപ്പെടെയാണ് ഇപ്പോൾ പരിധി നിശ്ചയിച്ചത്.

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നരശതമാനം കണക്കാക്കിയാൽ കേരളത്തിന് 32,425 കോടിരൂപയാണ് കടമെടുക്കാവുന്നത്. എന്നാൽ, ഇത്രയും അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്ന കമ്പനിയായ സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡും എടുത്ത വായ്പ സർക്കാരിന്റെ കടമായി കണക്കാക്കുമെന്നും അത് കിഴിച്ചുള്ള തുകയേ കടമെടുക്കാൻ അനുവദിക്കൂവെന്നുമാണ് അറിയിച്ചത്. ഈ നിലപാടിനെ സംസ്ഥാനം അനുകൂലിച്ചില്ല. കേന്ദ്രവുമായി മാസങ്ങളായി ചർച്ച നടക്കുകയായിരുന്നു.

കിഫ്ബിക്കും ക്ഷേമപെൻഷനുമായി 14,000 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇത്രയും തുക നാലുവർഷംകൊണ്ട് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനം. അതനുസരിച്ചുമാത്രം ഇത്തവണ 3578 കോടി കുറയ്ക്കും. ജനുവരിമുതൽ മാർച്ചുവരെ ഇനി എത്ര കടമെടുക്കാമെന്ന് കേന്ദ്രം പിന്നീട് അറിയിക്കും.

കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത 14,000 കോടിയുടെ വായ്പയിൽ ഏകദേശം 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർവൃത്തങ്ങൾ പറയുന്നു. 5000 കോടിയിൽപ്പരം രൂപയാണ് ഇനി കടമായുള്ളത്. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ട് സംസ്ഥാനത്തിന്റെ കടത്തിൽ കുറവുചെയ്യുന്നത് അന്യായമാണെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമാക്കുന്ന ഈ തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം ഇനിയും ആവശ്യപ്പെടും. നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രസമീപനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

X
Top