
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ്(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷൻസ് ) ടൂറിസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല പറഞ്ഞു. ഇത് കൈവരിക്കുന്നതിന് വ്യക്തമായ പദ്ധതികളും ദിശാരേഖയും സംസ്ഥാനത്തിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലോകത്തെ വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്‍റ 1.8 ശതമാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബൃഹദ് സമ്പദ് വ്യവസ്ഥയെന്ന നിലയ്ക്ക് വരും വര്‍ഷങ്ങളില്‍ ഇത് അഞ്ച് ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ അഞ്ച് ശതമാനത്തില്‍ കേരളത്തിന് ഗണ്യമായ സാധ്യതയുണ്ട്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് വെഡിംഗ് ആന്‍ഡ് മൈസ് മേഖലയില്‍ കേരളത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്.
സിംഗപ്പൂര്‍, മലേഷ്യ, തായ്ലാന്‍റ് തുടങ്ങിയ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ വെഡിംഗ് മൈസ് ടൂറിസം സാധ്യതകള്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേതിനു സമാനമായി മൈസ് പ്രൊമോഷന്‍ ബ്യൂറോ പോലുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ നടപ്പില്‍ വരുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസത്തെ കേന്ദ്രീകരിച്ചുള്ള ആവാസവ്യവസ്ഥ രൂപീകരിക്കാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.