Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

കല്യാൺ ജ്വല്ലേഴ്സിന് 64% ലാഭക്കുതിപ്പ്; ഓഹരിവിലയിൽ 13% മുന്നേറ്റം

തൃശൂർ ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികളിൽ മികച്ച മുന്നേറ്റം. എൻഎസ്ഇയിൽ ഇന്നലെ വ്യാപാരം ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ ഓഹരിവില 13 ശതമാനത്തിനടുത്ത് കുതിച്ചു. 630 രൂപയിൽ തുടങ്ങി 689 രൂപവരെയാണ് ഓഹരിവില ആദ്യ നിമിഷങ്ങളിൽതന്നെ ഉയർന്നത്. കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും ഉയരമാണിത്. കൂടുതൽ ഉയരുമെന്ന സൂചനയാണ് ഓഹരി നൽകുന്നതും.

കല്യാൺ ജ്വല്ലേഴ്സ് പുറത്തുവിട്ട, പ്രതീക്ഷകളെ മറികടക്കുന്ന സെപ്റ്റംബർപാദ പ്രവർത്തനഫല റിപ്പോർട്ടാണ് ഓഹരിക്ക് ആവേശമായത്. ജൂലൈ-സെപ്റ്റംബർപാദ സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 261 കോടി രൂപയിൽ നിന്ന് 63.6% വർധിച്ച് 427 കോടി രൂപയിൽ എത്തി.

സംയോജിത വരുമാനം 7856 കോടി രൂപയിൽ നിന്ന് 10,323 കോടിയിലെത്തി; വർധന 31.4%. പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം അഥവാ എബിറ്റ്ഡ 29.7% ഉയർന്ന് 644.7 കോടിയിലെത്തിയതും നേട്ടമാണ്. പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നാണ് എബിറ്റ്ഡ. അതേസമയം, എബിറ്റ്ഡ മാർജിൻ 6.33 ശതമാനത്തിൽ നിന്ന് 6.25 ശതമാനത്തിലേക്ക് കുറഞ്ഞു. ഇതുപക്ഷേ, ഓഹരികളുടെ പ്രകടനത്തെ സ്വാധീനിച്ചില്ല.

കല്യാൺ ജ്വല്ലേഴ്സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32% ഉയർന്ന് 9007 കോടി രൂപയായി. ലാഭം 62% ഉയർന്ന് 424 കോടിയും.

നടപ്പുപാദത്തിലും (ഒക്ടോബർ-ഡിസംബർ) മികച്ച നേട്ടമാണ് കല്യാൺ ജ്വല്ലേഴ്സ് പ്രതീക്ഷിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. നവരാത്രി, ധൻതേരസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ വിൽപന വളർച്ചയിലൂടെയാണ് ഈ ത്രൈമാസം തുടങ്ങിയത്. വിവാഹ സീസൺ കൂടിയായതിനാൽ വലിയ പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

∙ ഓഹരിക്കുതിപ്പിനെ തുടർന്ന് കല്യാൺ ജ്വല്ലേഴ്സിന്റെ വിപണിമൂല്യത്തിലും വലിയ വർധനയുണ്ടായി. ഇന്നലെ 63,100 കോടി രൂപയായിരുന്നു മൂല്യം. ഇന്ന് രാവിലെ ആദ്യ 15 മിനിറ്റിൽതന്നെ അതു 68,900 കോടി രൂപയിലെത്തി.

കല്യാൺ ജ്വല്ലേഴ്സ് ഓഹരി കഴിഞ്ഞ കാലങ്ങളിൽ നിക്ഷേപകർക്ക് നൽകിയ നേട്ടം (റിട്ടേൺ) ഇങ്ങനെ:
∙ 5 വർഷം : 735%
∙ 3 വർഷം : 97%
∙ 1 വർഷം : 31%
∙ 2026ൽ ഇതുവരെ : 38%
∙ ഒരു മാസം : 20%
∙ ഒരാഴ്ച : 26%

ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് കല്യാൺ ജ്വല്ലേഴ്സ് ഓഹരിക്ക് 900 രൂപ ലക്ഷ്യവില നൽകിയിട്ടുണ്ട്.

X
Top