ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

ജൂനിപ്പര്‍ ഹോട്ടല്‍സ്‌ ഐപിഒ ഫെബ്രുവരി 21 മുതല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂനിപ്പര്‍ ഹോട്ടല്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 21ന്‌ ആരംഭിക്കും. ഫെബ്രുവരി 23 വരെയാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 342-360 രൂപയാണ്‌ ഇഷ്യു വില. 10 രൂപ മുഖവില (ഫേസ്‌ വാല്യു) യുള്ള 40 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

അഞ്ച്‌ കോടി ഓഹരികളുടെ വില്‍പ്പനയിലൂടെ 1800 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരികള്‍ വില്‍ക്കുന്നില്ല.

ആഡംബര ഹോട്ടലുകളുടെ നിര്‍മാണവും ഉടമസ്ഥതയുമാണ്‌ ജൂനിപ്പര്‍ ഹോട്ടല്‍സ്‌ നിര്‍വഹിക്കുന്നത്‌. കമ്പനിയുടെ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ ആഗോള ഹോട്ടല്‍ ഓപ്പറേറ്റര്‍ ഹയാത്ത്‌ ആണ്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 1500 കോടി രൂപ കമ്പനി കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിന്‌ വിനിയോഗിക്കും. ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഐപിഒക്ക്‌ അപേക്ഷിച്ചവരില്‍ തിരഞ്ഞെടുത്തവര്‍ക്ക്‌ ഫെബ്രുവരി 27ന്‌ ഓഹരികള്‍ അനുവദിച്ചു കിട്ടും. ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക്‌ അന്നു തന്നെ പണം തിരികെ ലഭിക്കും.

ഫെബ്രുവരി 28ന്‌ ഓഹരി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും.

X
Top