
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി രാജ്യത്തെ ആദ്യത്തെ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് പിന്നിലായിപ്പോയ മാരുതി, ആ കുറവ് പരിസ്ഥിതി സൗഹൃദ ഇന്ധന വാഹനങ്ങളിലൂടെ മറികടക്കാനുള്ള നീക്കത്തിലാണ്.
ഇന്ന് ഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് രാജ്യം കാത്തിരിക്കുന്ന ഈ ആദ്യ ഇ100 വാഹനം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പരിസ്ഥിതി ദിനത്തിന് മുന്നോടിയായി എത്തുന്ന ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും ഹർദീപ് സിങ് പൂരിയും പങ്കെടുക്കും.
നൂറ് ശതമാനവും എഥനോൾ ഇന്ധനത്തിൽ ഓടുന്ന ഈ വാഹനം മാരുതിയുടെ ഏത് മോഡലാണെന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിപണിയിലെ ജനപ്രിയ മോഡലുകളായ ‘വാഗൺ ആർ’ അല്ലെങ്കിൽ ‘ഫ്രോങ്‌സ്’ എന്നിവയിൽ ഒന്നായിരിക്കും ഇതെന്നാണ് വാഹന ലോകത്തെ സംസാരം.
ഇതിൽ ഫ്‌ളെക്‌സ് ഫ്യൂവൽ വാഗൺആറിന്റെ പ്രോട്ടോടൈപ്പ് 2024-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലും, ഫ്രോങ്‌സ് ഫ്‌ളെക്‌സ് ഫ്യൂവൽ പതിപ്പ് 2025-ലെ ജപ്പാൻ മൊബിലിറ്റി ഷോയിലും മാരുതി നേരത്തെ പ്രദർശിപ്പിച്ചിരുന്നു. അതിനാൽ ഇവയിലൊന്നിനായിരിക്കും ആദ്യമായി ഭാഗ്യം ലഭിക്കുക.
മാരുതി സുസുക്കിക്ക് പുറമെ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങി ഇന്ത്യയിലെ മറ്റ് 12 പ്രമുഖ കമ്പനികളും ഇത്തരം ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.
എഥനോൾ ഇന്ധനമാക്കാൻ ശേഷിയുള്ള എൻജിനുകൾ വരും ദിവസങ്ങളിൽ രാജ്യത്ത് വലിയ തോതിൽ നിർമിക്കാൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പെട്രോൾ വിലക്കയറ്റത്തിന് വലിയൊരു പരിഹാരമാകുന്നതിനൊപ്പം കർഷകർക്ക് പുതിയ വരുമാന മാർഗ്ഗം തുറക്കുന്നതു കൂടിയാണ് എഥനോൾ ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ ഈ പുതിയ ചുവടുവെപ്പ്.






