
ന്യൂഡൽഹി: പ്രതിസന്ധികളുടെ പാതയിൽ നിന്ന് ഇന്ത്യയുടെ സമ്പദ്‍രംഗം മെല്ലെ കരകയറുന്നതായി കേന്ദ്രത്തിന്റെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് 6.2 ശതമാനമായി മെച്ചപ്പെട്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ വളർച്ച 7-ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശമായ 5.4 ശതമാനമായിരുന്നു. അതേസമയം, രണ്ടാംപാദ വളർച്ചനിരക്ക് പുതിയ റിപ്പോർട്ടിൽ 5.6 ശതമാനമായി കേന്ദ്രം പുനർനിർണയിച്ചിട്ടുണ്ട്.
നഗരങ്ങളിലെ ഉപഭോക്തൃചെലവഴിക്കലുകളും ഇടത്തരം കുടുംബങ്ങൾ നേരിട്ട സാമ്പത്തികഞെരുക്കവുമാണ് രണ്ടാംപാദത്തിൽ തിരിച്ചടിയായതെങ്കിൽ കഴിഞ്ഞപാദത്തിൽ ഗ്രാമീണ ഉപഭോഗം മെച്ചപ്പെട്ടതും മികച്ച മൺസൂണും സർക്കാർ പദ്ധതിച്ചെലവുകളിലെ വർധനയുമാണ് കരുത്തായത്.
കാർഷിക മേഖലയാണ് കഴിഞ്ഞപാദത്തിൽ ഏറ്റവുമധികം വളർച്ച കുറിച്ചത്; വാർഷികാടിസ്ഥാനത്തിൽ 1.5 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർന്നു. സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച പക്ഷേ താഴേക്കായിരുന്നു.
14 ശതമാനത്തിൽ നിന്ന് ഇടിഞ്ഞത് 3.5 ശതമാനത്തിലേക്ക്. ഖനനമേഖലയുടെ വളർച്ച നിരക്ക് 4.7ൽ നിന്ന് 1.4 ശതമാനത്തിലേക്കും നിർമാണമേഖലയുടേത് 10ൽ നിന്ന് 7 ശതമാനത്തിലേക്കും തളർന്നു.
വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ചനിരക്ക് 10.1 ശതമാനത്തിൽ നിന്ന് 5.1 ശതമാനത്തിലേക്ക് താഴ്ന്നു. വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്മ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ വളർച്ചനിരക്ക് 8ൽ നിന്ന് താഴ്ന്നത് 6.7 ശതമാനത്തിലേക്ക്.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നീ വിഭാഗങ്ങളുള്ള മേഖലയുടെ വളർച്ചനിരക്ക് 8.4ൽ നിന്ന് 7.2 ശതമാനത്തിലേക്കും താഴ്ന്നു. അതേസമയം പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവയുള്ള വിഭാഗത്തിന്റെ വളർച്ചനിരക്ക് 8.4ൽ നിന്നുയർന്ന് 8.8 ശതമാനമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) ഡിസംബർപാദ വളർച്ചനിരക്ക് 8.6 ശതമാനമായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കഴിഞ്ഞപാദത്തിലെ വളർച്ചനിരക്ക് മോശമാണ്.
അതേസമയം, മുൻപാദങ്ങളിലെയും മുൻവർഷങ്ങളിലെയും വളർച്ചനിരക്ക് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അടിമുടി പുനർനിർണയിച്ചിട്ടുണ്ട്. 2022-23ലെ ആദ്യപാദം (ഏപ്രിൽ-ജൂൺ) മുതലുള്ള വളർച്ചനിരക്കുകളാണ് പുനർനിർണയിച്ചത്. ഇതുപ്രകാരം, 2023-24 ഡിസംബർപാദ വളർച്ചനിരക്ക് 9.5 ശതമാനമാണ് .
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) സംയോജിത ജിഡിപി വളർച്ചാപ്രതീക്ഷ മന്ത്രാലയം പുതിയ റിപ്പോർട്ടിൽ 6.5 ശതമാനമായി ഉയർത്തി. ജനുവരിയിൽ പുറത്തുവിട്ട ആദ്യഘട്ട അനുമാന റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നത് 6.4% വളരുമെന്നായിരുന്നു. അതാകട്ടെ കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചാനിരക്കുമാണ്.
പുതിയ റിപ്പോർട്ടിലെ പുനർനിർണയപ്രകാരം 2023-24ലെ വളർച്ചനിരക്ക് 9.2 ശതമാനമാണ് (ചിത്രം – എ2 കാണുക). കോവിഡനന്തരം 2021-22ൽ കുറിച്ച 9.7% വളർച്ച മാറ്റിനിർത്തിയാൽ, കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണ് കഴിഞ്ഞവർഷത്തേത്.
കോവിഡ് നിറഞ്ഞുനിന്ന 2020-21ൽ വളർച്ച നെഗറ്റീവ് 5.8 ശതമാനമായിരുന്നു. അതുമായി താരതമ്യം ചെയ്തപ്പോഴാണ് 2021-22ൽ വളർച്ചനിരക്ക് 9.7 ശതമാനമായത്.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിർത്തി. ചൈന 5.4%, യുഎസ് 2.3%, യുകെ 0.1%, ജപ്പാൻ 2.8% എന്നിങ്ങനെയാണ് വളർന്നത്.
ഇൻഡോനേഷ്യ 5.02 ശതമാനം വളർച്ച രേഖപ്പെടുത്തി. 4.4 ശതമാനമാണ് സൗദിയുടെ വളർച്ചനിരക്ക്. ഫ്രാൻസ് 0.1% മുന്നോട്ടുനീങ്ങിയപ്പോൾ ജർമനി കുറിച്ചത് നെഗറ്റീവ് 0.2% വളർച്ച.