
ഹൈദരാബാദ്: ഇന്ത്യയിലെ വ്യോമയാന ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. 66 വിമാനത്താവളങ്ങളുടെ പണി നടക്കുകയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. പുതിയ വിമാനത്താവളങ്ങൾ വരുന്നതോടെ 55 രാജ്യങ്ങളിലെ 115 എയർലൈനുകളുമായി കണക്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.
പ്രാദേശിക, അന്തർദേശീയ കണക്റ്റിവിറ്റി മെച്ചപ്പെടുന്നത് വ്യമയാന മേഖലയിൽ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കും. ടൂറിസം മേഖലക്കും പ്രോത്സാഹനമാകും. വ്യാപാര, ടൂറിസം പ്രവർത്തനങ്ങൾക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നും റോം മോഹൻ നായിഡു ചൂണ്ടിക്കാട്ടി.66 വിമാനത്താവളങ്ങൾ നിലവിൽ വികസന ഘട്ടത്തിലാണെന്നും ഇന്ത്യയുടെ വ്യോമയാന മേഖലയുടെ അടുത്ത ഘട്ടത്തിൽ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാകുമെന്നും മന്ത്രി പറയുന്നു.
മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറുകയാണ്. ഇതിന് മികച്ച ആഭ്യന്തര, അന്തർദേശീയ കണക്റ്റിവിറ്റി പ്രധാനമാണ്. വാണിജ്യ, ഉൽപ്പാദന ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും സ്വതന്ത്ര വ്യാപാര കരാറുകൾ കൂടുതൽ ഉപയോഗപ്പെടുത്താനും ഇന്ത്യ ശ്രമിക്കുമ്പോൾ, ശക്തമായ വ്യോമ കണക്റ്റിവിറ്റിക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും നായിഡു പറയുന്നു.






