
ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാകുകയും എല്ലാ ഗ്രാമങ്ങളിലും ജീവൻ രക്ഷാ മരുന്നുകൾ സുലഭമാവുകയും ചെയ്യുന്ന ഒരു ലോകം സങ്കൽപ്പിക്കുക.
ഇന്ന് ഇന്ത്യ കെട്ടിപ്പടുക്കുന്ന യാഥാർത്ഥ്യമാണിത്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ സൃഷ്ടിക്കപ്പെട്ട മുന്നേറ്റത്തിലൂടെ ചെലവ് കുറഞ്ഞതും, നൂതനവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംരംഭങ്ങളിലൂടെ ഔഷധ നിർമ്മാണ മേഖല ആഗോള നേതൃത്വത്തിലേക്ക് ഉയർന്നിരിക്കുന്നു.
ഭാവിയിലേക്ക് കണ്ണോടിക്കുമ്പോൾ, ശക്തമായ ആവശ്യകതയും പുതിയ ഉത്പന്നങ്ങളുടെ വരവും മൂലം 2025 ഏപ്രിലോടെ വരുമാനത്തിൽ 7.8% വാർഷിക വളർച്ച കൈവരിക്കുമെന്ന് ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യ റേറ്റിംഗിലെ വിദഗ്ധർ പ്രതീക്ഷ പങ്കു വയ്ക്കുന്നു.
വലുപ്പത്തിൽ മൂന്നാം സ്ഥാനത്തും മൂല്യത്തിൽ 14-ാം സ്ഥാനത്തും നിൽക്കുന്ന ആഗോള ഭീമനാണ് ഇന്ത്യയുടെ ഔഷധ വ്യവസായം. ആഗോളതലത്തിൽ 20% ജനറിക് മരുന്നുകളുടെയും വിതരണക്കാരായ ഇന്ത്യൻ ഔഷധ വ്യവസായം കുറഞ്ഞ ചെലവിലുള്ള വാക്സിനുകളുടെ നിർമ്മാതാക്കളിൽ സുപ്രധാന പങ്കുവഹിക്കുന്നു.
2023-24 ൽ, ഈ മേഖലയുടെ വിറ്റുവരവ് ₹4,17,345 കോടിയിലെത്തി. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിവർഷം 10% ൽ അധികം വളർച്ച കൈവരിച്ചു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയിൽ കൂടുതൽ മരുന്നുകൾ, മികച്ച ആരോഗ്യ സംരക്ഷണം, രാജ്യത്തുടനീളമുള്ള ഫാക്ടറികളിലും ലാബുകളിലും ജോലി എന്നിവയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ചെറിയ പട്ടണങ്ങൾ മുതൽ വലിയ നഗരങ്ങൾ വരെ, ഔഷധ മേഖലയിലെ ഇന്ത്യയുടെ വളർച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ജീവനുകൾ രക്ഷിക്കുകയും ചെയ്യുന്നു.
സർക്കാരിന്റെ സമർത്ഥമായ പദ്ധതികളാണ് ഈ വിജയത്തിന്റെ നട്ടെല്ല്. പ്രധാന മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) 15,479 ജൻ ഔഷധി കേന്ദ്രങ്ങൾ നടത്തുന്നു. ബ്രാൻഡഡ് മരുന്നുകളേക്കാൾ 80% വരെ കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നു.
ഒരുകാലത്ത് ₹500 വിലയുണ്ടായിരുന്ന ഹൃദ്രോഗ മരുന്നിന് ഇപ്പോൾ ₹100 ചിലവുള്ളൂ! ഔഷധ നിർമ്മാണ മേഖലയ്ക്കായുള്ള ₹15,000 കോടി രൂപയുടെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI), ഇന്ത്യയിൽ ഉന്നത നിലവാരമുള്ള കാൻസർ, പ്രമേഹ മരുന്നുകൾ ഉൾപ്പെടെ തദ്ദേശീയമായി നിർമ്മിക്കുന്നതിനുള്ള 55 പദ്ധതികളെ പിന്തുണയ്ക്കുന്നു.
₹6,940 കോടി രൂപയുടെ മറ്റൊരു ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI) പെൻസിലിൻ ജി പോലുള്ള അസംസ്കൃത വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഇറക്കുമതി ആവശ്യകത കുറയ്ക്കുന്നു. ₹3,420 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI), MRI മെഷീനുകൾ, ഹാർട്ട് ഇംപ്ലാന്റുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
കൂടാതെ, 3,000 കോടി രൂപയുടെ ബൾക്ക് ഡ്രഗ് പാർക്കുകളുടെ പ്രൊമോഷൻ പദ്ധതിയുമുണ്ട്. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മെഗാ ഹബ്ബുകൾ നിർമ്മിക്കുന്നതിലൂടെ മരുന്നുകളുടെ ഉത്പാദനം വേഗത്തിലാക്കാനും വില കുറയ്ക്കാനും കഴിയും.
500 കോടി രൂപയുടെ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രി സ്ട്രെങ്തനിംഗ് (SPI) പദ്ധതി, ഗവേഷണത്തിന് ധനസഹായം നൽകുകയും ലാബുകൾ നവീകരിക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യൻ കമ്പനികളെ ആഗോളതലത്തിൽ മത്സരിക്കാൻ സഹായിക്കുന്നു.
ഈ ഉദ്യമങ്ങൾ അർത്ഥമാക്കുന്നത് ഇന്ത്യയ്ക്കും ലോകത്തിനുമായി കുറഞ്ഞ വിലയിലും ഉന്നത നിലവാരത്തിലും ഉള്ള മരുന്നുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു എന്നാണ്.
ഇന്ത്യയിലെ ഔഷധ നിർമ്മാണ മേഖലയാണ് യുണിസെഫ് വാക്സിനുകളുടെ 55-60% വിതരണം ചെയ്യുന്നത്, ലോകാരോഗ്യ സംഘടനയ്ക്കായി (WHO) DPT (ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്) വാക്സിൻ ആവശ്യകതയുടെ 99%, BCG വാക്സിൻ ആവശ്യകതയുടെ 52% (ബാസിലസ് കാൽമെറ്റ്-ഗുറിൻ, പ്രധാനമായും ടിബിക്കെതിരെ ഉപയോഗിക്കുന്ന വാക്സിൻ), അഞ്ചാംപനി വാക്സിൻ ആവശ്യകതയുടെ 45% നിറവേറ്റുന്നു.
ആഫ്രിക്ക മുതൽ അമേരിക്ക വരെ, ഇന്ത്യൻ വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളെ സംരക്ഷിക്കുന്നു. ആഭ്യന്തരമായി നോക്കുമ്പോൾ, ഈ പദ്ധതികളിലൂടെ ഫാക്ടറി തൊഴിലാളികൾ മുതൽ ശാസ്ത്രജ്ഞർ വരെയുള്ള യുവ ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ഇന്ത്യയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനാൽ വിദേശ നിക്ഷേപകർ 2023-24 ൽ മാത്രം ₹12,822 കോടിനിക്ഷേപിച്ചു. മെഡിക്കൽ ഉപകരണങ്ങളിലും ഗ്രീൻഫീൽഡ് ഫാർമ പദ്ധതികളിലും 100% വിദേശ നിക്ഷേപം സർക്കാർ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയെ ആഗോള കമ്പനികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു.
ഇന്ത്യയുടെ ഔഷധ നിർമ്മാണ മേഖല ഒരു വ്യവസായമെന്നതിൽ ഉപരിയായ പങ്ക് വഹിക്കുന്നു: അതൊരു ജീവനാഡിയായി വർത്തിക്കുന്നു. PMBJP, PLI, ബൾക്ക് ഡ്രഗ് പാർക്കുകൾ തുടങ്ങിയ പദ്ധതികളിലൂടെ, ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ആരും പിന്തള്ളപ്പെടുന്നില്ലെന്ന് മോദി സർക്കാർ ഉറപ്പാക്കുന്നു.
ജൻ ഔഷധി കേന്ദ്രങ്ങളിലെ കുറഞ്ഞ ചെലവിലുള്ള മരുന്നുകൾ മുതൽ ലോകമെമ്പാടും വാക്സിനുകൾ എത്തിക്കുന്നത് വരെ, ഇന്ത്യ ആരോഗ്യപൂർണ്ണവും സ്വാശ്രയവുമായ ഒരു ഭാവി കെട്ടിപ്പടുക്കുകയാണ്.
അമൃത കാലത്തേയ്ക്ക് നാം കാലെടുത്തുവയ്ക്കുമ്പോൾ, സുഖപ്പെടുത്തുകയും നവീകരിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ആരോഗ്യ സംരക്ഷണ മേഖലയുടെ ഭാവി, അഭിമാനത്തോടെ പറയാം, അത് ഇന്ത്യയുടേതാണ്!