ന്യൂഡൽഹി: ജനസംഖ്യാ സെന്‍സസ് ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായാണ് വിവരം.
കഴിഞ്ഞ ഒരു മാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ചര്‍ച്ച ചെയ്ത നിരവധി നിര്‍ദ്ദേശങ്ങള്‍ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചര്‍ച്ചകള്‍ സ്വകാര്യമായതിനാല്‍ വിവരങ്ങള്‍ അറിയുന്നവര്‍പോലും അത് വെളിപ്പെടുത്താന്‍ തയ്യാറല്ല.
2014-ല്‍ അവസാനമായി പുറത്തിറക്കിയ ബിസിനസ്സുകളുടെ സര്‍വേ പുനരുജ്ജീവിപ്പിക്കുക, ഗാര്‍ഹിക ഉപഭോഗ സര്‍വേ വാര്‍ഷികാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷംമാകും ജനസംഖ്യാ കണക്കെടുക്കെടുപ്പിലേക്ക് കടക്കുക. സെന്‍സസ് സാധാരണയായി ഒരു ദശാബ്ദത്തിലൊരിക്കല്‍ നടത്തപ്പെടുന്നു. 2011-ലാണ് അവസാനമായി ഇതിന്റെ പട്ടിക പ്രസിദ്ധീകരിച്ചത്, പകര്‍ച്ചവ്യാധി കാരണം ഏറ്റവും പുതിയ സര്‍വേ വൈകി.
ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കുകള്‍ പുനഃപരിശോധിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം മോദിയുടെ സ്വന്തം സാമ്പത്തിക ഉപദേശക സമിതി ഡാറ്റയുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അതിവേഗം വികസിക്കുകയും ആഗോള നിക്ഷേപകരുടെ താല്‍പര്യം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഔദ്യോഗിക കണക്കുകള്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നു.
കാലഹരണപ്പെട്ട സര്‍വേകളെ ആശ്രയിക്കുന്നതും നയപരമായ പിശകുകളുടെ അപകടസാധ്യത ഉയര്‍ത്തുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ പൗരന്മാരെ കണക്കാക്കുന്നതിനായി 300,000-ലധികം സര്‍ക്കാര്‍ ജീവനക്കാരെ പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതും സെന്‍സസില്‍ ഉള്‍പ്പെടും.
സര്‍വേ പ്രക്രിയ ഏകദേശം 12 മാസം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധമുള്ളവര്‍ സൂചിപ്പിക്കുന്നു.
പുനരുജ്ജീവിപ്പിക്കുന്ന ബിസിനസ് സര്‍വേ, കൃഷിയില്‍ നിന്ന് മറ്റ് വ്യവസായങ്ങളിലേക്കുള്ള സമ്പദ്വ്യവസ്ഥയുടെ മാറ്റത്തെ നന്നായി മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും.
വര്‍ഷങ്ങളായി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വിഹിതം എന്ന നിലയില്‍ ക്രമാനുഗതമായി കുറയുന്ന ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ നയങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍വേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2022-ല്‍ ഈ അനുപാതം ഏകദേശം 13 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് കണക്കാക്കുന്നു, അതേസമയം 2025-ഓടെ ഇത് 25 ശതമാനമായി ഉയര്‍ത്തുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
വ്യാവസായിക ഉല്‍പ്പാദനവും ജിഡിപി ഡാറ്റയും നിലവില്‍ 2011-12 അടിസ്ഥാന വര്‍ഷം ഉപയോഗിച്ചാണ് കണക്കാക്കുന്നത്. അതേസമയം ഉപഭോക്തൃ പണപ്പെരുപ്പത്തിനായി വര്‍ഷം 2012ഉം ഉപയോഗിക്കുന്നു.