
മുംബൈ: പെട്രോളിയം ഉത്പന്നങ്ങളെ മറികടന്ന് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാർട്ട്ഫോണ്‍.
സർക്കാരിന്റെ പുതിയ കണക്കുകളിലാണ് 2024-’25 സാമ്പത്തികവർഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാർട്ട്ഫോണ്‍ മുന്നിലെത്തിയത്.
ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 ശതമാനം വർധനയാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയത്. ആകെ 2,414 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകള്‍ കയറ്റി അയച്ചു. 2023-24-ല്‍ ഇത് 1,557 കോടി ഡോളറും 2022-23-ല്‍ 1,096 കോടി ഡോളറുമായിരുന്നു.
സർക്കാർ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നുവർഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്മാർട്ട്ഫോണ്‍ കയറ്റുമതി ഗണ്യമായി കൂടിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 2022-23-ല്‍ 216 കോടി ഡോളറായിരുന്നത് 2024-25-ല്‍ 1,060 കോടി ഡോളറായി ഉയർന്നു.
അഞ്ചുമടങ്ങാണ് വർധന. ജപ്പാനിലേക്കുള്ളത് ഇതേകാലയളവില്‍ 12 കോടി ഡോളറില്‍നിന്ന് 52 കോടി ഡോളറായി ഉയർന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ പദ്ധതിയാണ് ഈ മുന്നേറ്റത്തിനു പിന്നില്‍.
കൗണ്ടർപോയിന്റ് റിസർച്ച് എന്ന അനാലിസിസ് കമ്പനിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍നിന്നുള്ള സ്മാർട്ട് ഫോണ്‍ കയറ്റുമതിയുടെ 94 ശതമാനവും ആപ്പിളും സാംസങ്ങും ചേർന്നാണ്.
2025 ജനുവരി-മാർച്ച് കാലത്ത് 30 ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചതായി ഐഡിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതില്‍ കൂടുതലും ഐഫോണ്‍ 16 ആയിരുന്നു.