
മോസ്കൊ: തുടർച്ചയായ രണ്ടാം മാസവും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത എതിരാളി. ഹോർമുസ് പ്രതിസന്ധിക്കിടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ-ചൈന മത്സരം മുറുകുന്നു. ക്രൂഡ് ഓയിൽ വരവ് കുറഞ്ഞതോടെ വിപണിയിൽ ലഭ്യമായ എണ്ണ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും.
അടുത്ത മാസങ്ങളിലും ഈ ‘മത്സരം’ തുടരുമെന്നാണ് റിപ്പോർട്ട്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ചൈന മറ്റുരാജ്യങ്ങൾക്ക് മറിച്ചു വിൽക്കുന്ന ആരോപണങ്ങൾക്കിടെയാണിത്.
ഇറാൻ-യുഎസ് യുദ്ധം പരിഹാരമാകാതെ തുടരുന്നതും ഹോർമുസിലെ തടസവും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിച്ചിരുന്നു. വില പിടിച്ചു നിർത്താൻ റഷ്യൻ ക്രൂഡ് ഓയിലിനുള്ള ഉപരോധത്തിന് ഒരു മാസത്തേക്ക് കൂടി യുഎസ് ഇളവ് നൽകി. എന്നാൽ ഇറാൻ എണ്ണയ്ക്ക് ഈ ഇളവ് നൽകിയിട്ടുമില്ല. ഇതാണ് ചൈനയ്ക്ക് തിരിച്ചടിയായത്.
ഇറാൻ ഉൽപാദിപ്പിക്കുന്ന 98 ശതമാനം ക്രൂഡ് ഓയിലും കുറഞ്ഞ വിലയിൽ വാങ്ങിയിരുന്നത് ചൈനയാണ്. എന്നാൽ ഹോർമുസിലെ യുഎസ് നാവിക ഉപരോധം ഉള്ളതിനാൽ ഇറാന്റെ എണ്ണ ഇനി എന്നു കിട്ടുമെന്ന് ഉറപ്പില്ല. യുഎസ് കണ്ണുവെട്ടിച്ച് ഹോർമുസ് കടന്ന ഇറാൻ കപ്പലുകളെ പിടികൂടുകയും ചെയ്തു. ഇതോടെ ഇറാനെ ഒഴിവാക്കി റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാതെ ചൈനയ്ക്ക് മറ്റു വഴികളില്ലാതായി. നാലു മാസത്തോളം ഉപയോഗിക്കാനാകുന്ന ക്രൂഡ് ഓയിൽ ശേഖരമുണ്ടെങ്കിലും കൂടുതൽ വാങ്ങാനുള്ള ശ്രമങ്ങൾ ചൈന തുടരുകയാണ്.
നിലവിൽ കപ്പലുകളിൽ ലോഡ് ചെയ്ത റഷ്യൻ ക്രൂഡ് ഓയിലിന് മാത്രമാണ് യുഎസ് ഇളവുള്ളത്. നാൾക്കുനാൾ ഇവയുടെ സ്റ്റോക്ക് കുറഞ്ഞു വരുന്നതോടെയാണ് ക്രൂഡ് ഓയിൽ വാങ്ങാൻ മത്സരം തുടങ്ങിയത്. ഹോർമുസിലെ പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. യുദ്ധം തുടങ്ങിയതോടെ ഹോർമുസിലൂടെയുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ പ്രതിദിനം വലിയ കുറവുണ്ടായെന്നാണ് കണക്ക്.
ഫെബ്രുവരിയിൽ 28 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത് നിലവിൽ പ്രതിദിനം 2.47 ലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ചൈനയുടേത് 44.5 ലക്ഷം ബാരലിൽ നിന്ന് 2.2 ലക്ഷമായാണ് കുറഞ്ഞത്. ഇതോടെ മറ്റ് മാർഗങ്ങളിലൂടെ ക്രൂഡ് ഓയിൽ കണ്ടെത്തേണ്ടത് ഇരുരാജ്യങ്ങൾക്കും അത്യാവശ്യമായി.
പ്രതിസന്ധി കനക്കും
മാർച്ചിലെ ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം 30 ദിവസത്തേക്കായി ചുരുങ്ങിയെന്നും കണക്കുകൾ പറയുന്നു. അയൽ രാജ്യങ്ങളിലേത് പോലെ ഇന്ത്യയിൽ എണ്ണവില കൂട്ടിയിട്ടില്ല. ഇത് വിപണിയിലെ ഡിമാൻഡ് കൂടുതലായി നിൽക്കാൻ കാരണമായി. വിൽപനയിലും കുറവുണ്ടായിട്ടില്ല. നിലവിലെ പ്രതിസന്ധി ഇനിയും നീണ്ടാൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാകുന്നത് ഇന്ത്യയ്ക്കാണെന്നും വിദഗ്ധർ പറയുന്നു.
നിലവിൽ ഇന്ത്യയിലെ എണ്ണ കമ്പനികൾക്ക് പ്രതിദിനം 1,500-2,000 കോടി രൂപ വരെയാണ് നഷ്ടം. ഇതുനികത്താൻ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് കേന്ദ്രസർക്കാർ നിഷേധിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഏപ്രിലിലും വർധിക്കുമെന്നാണ് കരുതുന്നത്. റഷ്യൻ എണ്ണയ്ക്ക് ഇളവ് ലഭിച്ചതോടെ ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യയുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കു പ്രകാരം 98 ദശലക്ഷം റഷ്യൻ ക്രൂഡ് ഓയിലാണ് കടലിലുള്ളത്.
ഇതിൽ 48 ദശലക്ഷം ബാരൽ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാക്കി ചൈന അടക്കമുള്ള രാജ്യങ്ങളും സ്വന്തമാക്കും.






