
കൊച്ചി: പ്രൊഫഷണല്‍ ഡ്രൈവിംഗ് മേഖലയിലേക്ക് സ്ത്രീകള്‍ക്ക് അവസരം വര്‍ധിപ്പിക്കുന്നതിനായി ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ എന്ന സിഎസ്ആര്‍ പദ്ധതിയുമായി ഐബിഎസ് സോഫ്റ്റ് വെയര്‍. പൂര്‍ണമായും സൗജന്യമായ ഈ പരിശീലന പരിപാടിയില്‍ ഇതിനകം തന്നെ 34 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിക്കഴിഞ്ഞു. ഡ്രൈവിംഗ് പരിശീലനത്തിനൊപ്പം പെരുമാറ്റ രീതികള്‍, വാഹന പരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയിലും സമഗ്രമായ പരിശീലനം നല്‍കുന്നുണ്ട്. ആദ്യ രണ്ട് ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. കൊച്ചി നഗരത്തില്‍ ഇവരുടെ സേവനം ആരംഭിച്ചു കഴിഞ്ഞു.
‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ എന്ന പേരില്‍ ഐബിഎസിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. സ്ഥിര വരുമാനത്തിന് പുറമെ, മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ബോണസും ലഭിക്കും. ഇതിനോടകം ഈ ഡ്രൈവര്‍മാര്‍ 1000-ല്‍ അധികം ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയിലെ കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനായി 100 വനിതകള്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ ഐബിഎസ് ലക്ഷ്യമിടുന്നുണ്ട്.
ഈ സംരംഭം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക മാത്രമല്ല, സാമൂഹിക പുരോഗതിക്കും സ്ത്രീ ശാക്തീകരണത്തിനും വലിയ സംഭാവന നല്‍കുമെന്ന് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വികെ മാത്യൂസ് പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. പാര്‍ട്ട് ടൈം ജോലി ചെയ്യാനും സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8129902043 എന്ന നമ്പറില്‍ ബന്ധപ്പെടാം.