ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

എയർ ഇന്ത്യയുടെ നഷ്ടം നികത്താൻ വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സിഇഒ

ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ പദ്ധതികളുമായി പുതിയ സിഇഒ ടെവോള്‍ഡെ ഗെബ്രമറിയം. വിമാനക്കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ചെലവ് ചുരുക്കാനും മികച്ച ആശയങ്ങള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാനാണ് പുതിയ സിഇഒയുടെ തീരുമാനം.

എയര്‍ ഇന്ത്യയെ ലാഭത്തില്‍ എത്തിക്കാന്‍ വരുമാനം വര്‍ധിപ്പിക്കുകയും ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പല ബാഹ്യ കാരണങ്ങളും കമ്പനിയെ ലാഭത്തിലെത്തിക്കുന്നതിന് തടസ്സമാകുന്നുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ജീവനക്കാര്‍ക്ക് പ്രതിഫലം, പുതിയ വരുമാന മാര്‍ഗങ്ങള്‍
ചെലവ് ചുരുക്കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആശയങ്ങള്‍ നല്‍കുന്ന ജീവനക്കാരെ കാത്തിരിക്കുന്നത് മികച്ച പാരിതോഷികങ്ങളാണ്. എന്നാല്‍, ഈ പദ്ധതി എന്ന് മുതല്‍ തുടങ്ങുമെന്നോ പ്രതിഫലം എന്തായിരിക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

രാജ്യാന്തര സര്‍വീസുകള്‍, കാര്‍ഗോ ബിസിനസ് തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. വരുമാന വര്‍ധനവും ചെലവ് ചുരുക്കലും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വിമാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും സര്‍വീസ് ശൃംഖല വിപുലീകരിക്കാനും പദ്ധതിയുണ്ട്.

പ്രതിസന്ധികളും ഭീമമായ നഷ്ടവും
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ കനത്ത സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 22,238 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 10,859 കോടി രൂപയായിരുന്നു. അതായത്, ഒരു വര്‍ഷം കൊണ്ട് നഷ്ടം ഇരട്ടിയിലധികമായി.

പാക്കിസ്ഥാന്‍ വ്യോമപാതയിലുള്ള നിയന്ത്രണങ്ങള്‍ കാരണം യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്.

ഇതിനുപുറമെ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എയര്‍ ഇന്ത്യയുടെ സര്‍വീസുകളെയും ഇന്ധനച്ചെലവിനെയും ബാധിച്ചു. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലുണ്ടായ എഐ 171 വിമാന അപകടത്തിന് പിന്നാലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരീക്ഷണവും എയര്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. സുരക്ഷാ വീഴ്ചകള്‍ ഉണ്ടായെന്ന ഡിജിസിഎയുടെ കണ്ടെത്തലുകള്‍ എയര്‍ ഇന്ത്യയുടെ പുതിയ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

കരുത്തായി ഗെബ്രമറിയത്തിന്റെ മുന്‍പരിചയം
എത്യോപ്യന്‍ എയര്‍ലൈന്‍സിനെ വലിയ വളര്‍ച്ചയിലേക്ക് നയിച്ച വ്യക്തിയാണ് ഗെബ്രമറിയം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ് അവരുടെ വിമാനങ്ങളുടെ എണ്ണവും രാജ്യാന്തര സര്‍വീസുകളും കാര്‍ഗോ ഓപ്പറേഷനുകളും വിപുലീകരിച്ചത്.

ഈ മുന്‍പരിചയം എയര്‍ ഇന്ത്യയ്ക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ഒക്ടോബറില്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.

2022-ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തത് മുതല്‍ സിഇഒ സ്ഥാനത്തുള്ള ക്യാംബെല്‍ വില്‍സന്റെ പിന്‍ഗാമിയായാണ് അദ്ദേഹം എത്തുന്നത്.

X
Top