
ന്യൂഡല്‍ഹി: സാമ്പത്തികസ്ഥിതി മോശമായതോടെ ഭീമൻ ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവർ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഈ വർഷം 61,000ല്‍ അധികം ടെക്കികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പല കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉന്നയിച്ചിരിക്കുന്നത്. വരുമാന വളർച്ച മന്ദഗതിയിലാക്കുന്നു, സാമ്പത്തിക അനിശ്ചിതത്വം, വ്യവസായത്തിലേക്കുളള ആർട്ടിഫിഷ്യല്‍ ഇന്റലിജെൻസിന്റെ സ്വാധീനം എന്നീ കാരണങ്ങള്‍ കൊണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് കമ്പനികളുടെ വാദം.
Layoffs.fyi പുറത്തുവിട്ട റിപ്പോർട്ടുകള്‍ പ്രകാരം, 130 കമ്പനികളില്‍ നിന്ന് ഈ വർഷം മാത്രം 61,000ല്‍ അധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റില്‍ നിന്നുമാത്രം ഈ വർഷം 6000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
2023ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റിന്റെ 2,28,000 ജീവനക്കാരില്‍ മൂന്ന് ശതമാനം പേരെ ഈ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഡൈനാമിക് മാര്‍ക്കറ്റ് പ്ലേസ് എന്ന് വിശേഷിപ്പിക്കുന്ന മേഖലയില്‍ മത്സരക്ഷമത നിലനിർത്തുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുകയാണെന്നാണ് മൈക്രസോഫ്റ്റിന്റെ വാദം.
ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടല്ല പിരിച്ചുവിടലെന്നും എഞ്ചിനീയർമാരുടെയും ടെക്നിക്കല്‍ ജീവനക്കാരല്ലാത്തവരുടെയും അനുപാതം വർദ്ധിപ്പിക്കുന്നതിനാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
അതേസമയം, ഗൂഗിള്‍ 2023ല്‍ മാത്രം 12,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്തെന്നായിരുന്നു അന്ന് ഗൂഗിള്‍ വ്യക്തമാക്കിയത്.
ഇതിന്റെ ഭാഗമായി മേയ് മാസത്തിന്റെ തുടക്കത്തില്‍ ഗൂഗിള്‍ 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോണും അടുത്തിടെ 100 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ക്ക് മുൻഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടത്തുന്നതെന്നാണ് ആമസോണിന്റെ വാദം.
എന്നാല്‍ ഐബിഎം വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. എച്ച്‌ആർ മേഖലയില്‍ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും എഐ ഓട്ടോമേഷൻ വഴി ലഭിക്കുന്ന പ്രവർത്തനങ്ങളില്‍ കഴിവുള്ളവരെ കമ്പനി കൂടുതലായി നിയമിക്കുകയാണ് ചെയ്തത്.
നൂറുകണക്കിന് ജീവനക്കാർ മുൻപ് ചെയ്തിരുന്ന ജോലികള്‍ക്ക് പകരം എഐ ഉപയോഗിച്ചിട്ടുണ്ടെന്നും കമ്പനിയുടെ വളർച്ചയ്ക്ക് നിർണായകമായ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണെന്നും സിഇഒ അരവിന്ദ് കൃഷ്ണ മാദ്ധ്യമങ്ങളോട് പറഞ്ഞു.