
അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് (GQG Partners) വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അദാനി ഗ്രൂപ്പ് കമ്പനികളിലെ 12,000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി വിറ്റൊഴിഞ്ഞത്.
മറ്റ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും (FPIs) ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപം ഉയര്‍ത്തുന്നതിനിടയിലാണ് ജി ക്യു ജി പാര്‍ട്ണേഴ്സിന്റെ പുതിയ നീക്കം.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിനെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങി മുന്‍പ് പിന്തുണച്ചത് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി പാര്‍ട്ണേഴ്സാണ്.
വില്‍പ്പന ബ്ലോക്ക് ഡീലുകളിലൂടെ
വിപണിയില്‍ നടന്ന വന്‍കിട ബ്ലോക്ക് ഡീലുകളിലൂടെയാണ് ജി ക്യു ജി പാര്‍ട്ണേഴ്സ് കൈവശമുള്ള ഓഹരികളില്‍ ഒരു പങ്ക് വിറ്റഴിച്ചത്. ജൂണ്‍ 5-ന് നടന്ന ഇടപാടിലൂടെ അദാനി എന്റര്‍പ്രൈസസിന്റെ (Adani Enterprises) 1.64 കോടി ഓഹരികള്‍ ജി ക്യു ജി വിറ്റു. കമ്പനിയുടെ ആകെ ഓഹരി പങ്കാളിത്തത്തിന്റെ 1.26 ശതമാനം വരുന്ന ഈ ഓഹരികള്‍ ശരാശരി 2,913.40 രൂപ നിരക്കിലാണ് വിറ്റത്. ഇതിലൂടെ മാത്രം 4,789.62 കോടി രൂപ കമ്പനി സ്വന്തമാക്കി.
ഇതിനുപുറമെ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ (Adani Energy Solutions) 63.65 ലക്ഷം ഓഹരികളും ജി ക്യു ജി വിറ്റിട്ടുണ്ട്. ശരാശരി 1,504.80 രൂപ നിരക്കില്‍ നടന്ന ഈ ബ്ലോക്ക് ഡീലിലൂടെ 957.93 കോടി രൂപയുടെ ഓഹരികളാണ് കൈമാറിയത്.
അദാനി ഗ്രൂപ്പിന്റെ മറ്റൊരു പ്രമുഖ കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജിയിലും (Adani Green Energy) ജിക്യുജി പാര്‍ട്ണേഴ്സ് ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്. ജൂണ്‍ പാദത്തിലെ ശരാശരി ഓഹരി വില കണക്കാക്കുമ്പോള്‍, ഏകദേശം 1,457 കോടി രൂപ മൂല്യം വരുന്ന 0.6 ശതമാനം ഓഹരികളാണ് ഫണ്ട് വിറ്റഴിച്ചത്.
എന്നാല്‍, ഇതേ കാലയളവില്‍ മറ്റ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (FIIs) അദാനി ഗ്രീന്‍ എനര്‍ജിയിലെ മൊത്തം ഓഹരി വിഹിതം 0.74 ശതമാനം വര്‍ധിപ്പിച്ചു. ഏകദേശം 1,814 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇവര്‍ നടത്തിയത്. എങ്കിലും, പുതിയ ഓഹരി പങ്കാളിത്ത രേഖകളില്‍ (Shareholding Pattern) ഈ ഓഹരികള്‍ വാങ്ങിയവരുടെ കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഓഹരികള്‍ വാങ്ങി എസ് ബി ഐ മ്യൂച്വല്‍ ഫണ്ട്
ജി ക്യു ജി പാര്‍ട്ണേഴ്സ് വിപണിയില്‍ വിറ്റഴിച്ച അദാനി ഓഹരികളില്‍ വലിയൊരു പങ്ക് സ്വന്തമാക്കിയത് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഫണ്ടായ എസ് ബി ഐ മ്യൂച്വല്‍ ഫണ്ടാണ് (SBI Mutual Fund). അദാനി എന്റര്‍പ്രൈസസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയില്‍ ജി ക്യു ജി വിറ്റ അതേ ശരാശരി വിലയ്ക്കാണ് എസ് ബി ഐ ഫണ്ട് ഓഹരികള്‍ വാങ്ങിയത്.
തൊട്ടുമുമ്പത്തെ പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനി ഗ്രൂപ്പിലെ പ്രമുഖ ഓഹരികളില്‍ ജി ക്യു ജിയുടെ നിക്ഷേപത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ അന്വേഷണങ്ങള്‍ക്കിടയിലും അദാനി ഓഹരികളുടെ വിലയിലുണ്ടായ ശക്തമായ മുന്നേറ്റം മുതലെടുത്ത് ലാഭമെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം പിന്‍വലിക്കല്‍ എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.






