
- ഹിന്‍ഡന്‍ബര്‍ഗില്‍ തിരിച്ചടിയേറ്റതോടെ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞിരുന്നു
മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങി ഗൗതം അദാനി. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഹരികളിലൊന്നായിരുന്നു അദാനി എന്റര്‍പ്രൈസ്. എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗില്‍ തിരിച്ചടിയേറ്റതോടെ ഓഹരികള്‍ക്ക് വന്‍ തകര്‍ച്ച നേരിടുകയായിരുന്നു.
2026ല്‍ 34 ശതമാനമാണ് അദാനി ഓഹരികള്‍ക്കുണ്ടായ മുന്നേറ്റം.
ഈ വലിയ നേട്ടമുണ്ടാക്കിയതോടെ നിഫ്റ്റി 50 ഇന്‍ഡക്‌സില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഓഹരിയായി അദാനി മാറി. നിലവില്‍ ഹിന്‍ഡന്‍ബര്‍ഗ് വിവാദം വരുന്നതിന് ഒരാഴ്ച മുമ്പുള്ള നിലയിലേക്ക് അദാനി ഓഹരികള്‍ എത്തിയിട്ടുണ്ട്.ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നിഫ്റ്റിയിലെ നമ്പര്‍ വണ്‍ ഓഹരിയാവാന്‍ അദാനിക്ക് കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ദ കാപ്പിറ്റല്‍ ഗ്രൂപ്, ഗോള്‍ഡ്മാന്‍ സാച്ചസ്, എസ്ബിഐ ഫണ്ട് മാനേജ്‌മെന്റ് തുടങ്ങിയ കമ്പനികള്‍ അദാനി ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലി പോലുള്ള റേറ്റിങ് ഏജന്‍സികളും അദാനിക്ക് മികച്ച റേറ്റിങ് നല്‍കിയിരുന്നു.
ഇന്ത്യന്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ കിരീടം വെക്കാത്ത രാജാവാണ് ഗൗതം അദാനി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും തുടങ്ങി വൈദ്യുതി മേഖലയില്‍ വരെ അദാനിക്ക് നിക്ഷേപമുണ്ട്. ഈയടുത്ത് യുഎസിലെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചതും അദാനിക്ക് അനുകൂലമായി മാറിയിരുന്നു.
2023 ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വലിയ വിൽപ്പന സമ്മർദ്ദമുണ്ടായി. ഒരു ഘട്ടത്തിൽ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിൽ നിന്ന് 150 ബില്യൺ ഡോളറിലധികം നഷ്ടപ്പെട്ടു.ഇപ്പോൾ അതിന് വിപരീതമായ ചിത്രമാണ് വിപണിയിൽ കാണുന്നത്.
അദാനി എന്റർപ്രൈസസിന്റെ തിരിച്ചുവരവിന് ഇനിയും ചില വെല്ലുവിളികളുണ്ട്.4 ട്രില്യൺ രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളിൽ ഏറ്റവും കുറവ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ കവറേജുള്ള കമ്പനികളിലൊന്നാണ് അദാനി എന്റർപ്രൈസസ്.
Bloomberg ശേഖരിച്ച കണക്കുകൾ പ്രകാരം നിലവിൽ വെറും നാല് ബ്രോക്കറേജുകൾ മാത്രമാണ് കമ്പനിയെ സ്ഥിരമായി പിന്തുടരുന്നത്.അതേസമയം, കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ജൂണിൽ റെക്കോർഡ് താഴ്ന്ന നിലയിലെത്തി.ഇതിന്റെ ഒരു കാരണം ഈ വർഷത്തിന്റെ തുടക്കത്തിൽ ആഗോള ഫണ്ടുകൾ ഇന്ത്യൻ ഓഹരി വിപണിയിലെ തങ്ങളുടെ നിക്ഷേപം കുറച്ചതുമാണ്.






