
ന്യൂഡൽഹി: ചരക്ക് സേവന നികുതി (GST) രജിസ്ട്രേഷൻ റദ്ദാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്കും നികുതിദായകർക്കും വൻ ആശ്വാസവുമായി കേന്ദ്ര ധനമന്ത്രാലയം. രജിസ്ട്രേഷൻ റദ്ദാക്കുന്നതിനായി ഇനി ഉദ്യോഗസ്ഥരുടെ അംഗീകാരം കാത്തിരിക്കുകയോ ഓഫീസുകൾ കയറിയിറങ്ങുകയോ വേണ്ട.
2026 ഡിസംബർ 1 മുതൽ ജി.എസ്.ടി പോർട്ടൽ വഴി ഓൺലൈനായി രജിസ്ട്രേഷൻ സ്വയമേവ റദ്ദാക്കാനുള്ള പുതിയ സംവിധാനം നിലവിൽ വരും. ഇതുസംബന്ധിച്ച് 2017-ലെ സി.ജി.എസ്.ടി ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.
ബിസിനസ് അവസാനിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നവർക്ക് അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതോടെ പൂർണമായും ഒഴിവാകും.
പ്രധാന മാറ്റങ്ങൾ എന്തെല്ലാം?
ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ അംഗീകാരം ലഭിക്കും. നികുതിദായകൻ സ്വന്തം താൽപ്പര്യപ്രകാരം രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷിക്കുകയും, അതുവരെയുള്ള എല്ലാ റിട്ടേണുകളും കൃത്യമായി സമർപ്പിച്ച് നികുതി, പലിശ, പിഴ എന്നിവ പൂർണമായും അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പോർട്ടൽ വഴി അപേക്ഷ സ്വയമേവ അംഗീകരിക്കപ്പെടും.
അപേക്ഷകൻ ആവശ്യപ്പെടുന്ന തീയതി മുതൽ തന്നെ രജിസ്ട്രേഷൻ റദ്ദായതായി കണക്കാക്കും. ഇതിൻ്റെ അറിയിപ്പ് ഇലക്ട്രോണിക് ആയി FORM GST REG-38 വഴി ലഭിക്കും. നേരത്തെ 2.5 ലക്ഷം രൂപയിൽ താഴെ നികുതി ബാധ്യതയുള്ളവർക്കും, മൂന്ന് ദിവസത്തിനുള്ളിൽ ഫൈനൽ റിട്ടേൺ സമർപ്പിക്കുന്നവർക്കും മാത്രമായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്.
പുതിയ ഭേദഗതിയോടെ ഈ നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞു. കുടിശ്ശികയില്ലാത്ത ഏതൊരു നികുതിദായകനും ഇനി ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചു.
എപ്പോഴാണ് അപേക്ഷ ഉദ്യോഗസ്ഥൻ്റെ പരിഗണനയ്ക്ക് വിടുക?
ബാധകമായ റിട്ടേണുകളോ FORM GST CMP-08 സ്റ്റേറ്റ്മെന്റുകളോ സമർപ്പിക്കാൻ ബാക്കിയുണ്ടെങ്കിലോ,നികുതി, പലിശ, ലേറ്റ് ഫീ, പിഴ എന്നിവയിൽ ഏതെങ്കിലും കുടിശ്ശികയുണ്ടെങ്കിലോ അപേക്ഷ ഓട്ടോമാറ്റിക് ആയി റദ്ദാകുന്നതിന് പകരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ പരിശോധനയ്ക്ക് അയക്കുമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില് വ്യക്തമാക്കുന്നു.
ബിസിനസ്സ് അവസാനിപ്പിക്കുകയോ ഘടനയിൽ മാറ്റം വരുത്തുകയോ ചെയ്യുന്നവർക്ക് അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്.
എന്നാൽ, രജിസ്ട്രേഷൻ ഓട്ടോമാറ്റിക് ആയി റദ്ദായാലും മുൻകാല നികുതി ബാധ്യതകൾ നിലനിൽക്കുമെന്നും, ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഫൈനൽ റിട്ടേൺ (FORM GSTR-10) നിർബന്ധമായും സമർപ്പിക്കണമെന്നും നികുതി വിദഗ്ധർ ഓർമിപ്പിക്കുന്നു.






