
മുംബൈ: ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ കൂടുതല്‍ വിഹിതം രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആകെ സ്വര്‍ണശേഖരത്തില്‍ കാര്യമായ മാറ്റമില്ലാതിരിക്കെയാണ് വിദേശത്തുള്ള സ്വര്‍ണം ആഭ്യന്തര സംഭരണശാലകളിലേക്ക് മാറ്റുന്നത് തുടരുന്നത്.
2025 സെപ്റ്റംബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നേരിട്ട് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ വിഹിതം 65.4 ശതമാനത്തില്‍ നിന്ന് 84 ശതമാനമായി ഉയര്‍ന്നു. ടണ്ണില്‍ കണക്കാക്കുമ്പോള്‍ 575.82 ടണ്ണില്‍ നിന്ന് 740.13 ടണ്ണായാണ് വര്‍ധിച്ചത്.
അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലുമായി സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ അളവ് 290.37 ടണ്ണില്‍ നിന്ന് 140.39 ടണ്ണായി കുറഞ്ഞു.
2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വിദേശനാണയ കരുതല്‍ ശേഖരത്തിന്റെ മാനേജ്‌മെന്റ് സംബന്ധിച്ച അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണശേഖരം 880.18 ടണ്ണില്‍ നിന്ന് നേരിയ വര്‍ധനയോടെ 880.52 ടണ്ണിലെത്തി.
2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റുന്ന നടപടികള്‍ വേഗത്തിലായത്. 2026 മാര്‍ച്ചോടെ ആഭ്യന്തര സംഭരണത്തിലെ സ്വര്‍ണം 680.05 ടണ്ണായി ഉയര്‍ന്നു.
തുടര്‍ന്നുള്ള ആറുമാസത്തിനിടെ വീണ്ടും 60.08 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ചു.
അതായത്, സ്വര്‍ണശേഖരത്തിന്റെ അളവില്‍ വലിയ മാറ്റമില്ലെങ്കിലും വിദേശ സംഭരണത്തെ ആശ്രയിക്കുന്നത് കുറച്ച് കൂടുതല്‍ സ്വര്‍ണം രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിക്കാനാണ് ആര്‍ബിഐ നടപടി സ്വീകരിക്കുന്നത്.






