
മുംബൈ: രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവ്. ജൂലൈ 15 ന് അവസാനിച്ച ആഴ്ചയിൽ 750 കോടി ഡോളർ നഷ്ടമായതോടെ ശേഖരം 57,270 കോടി ഡോളറായി ചുരുങ്ങി. 2020 നവംബർ ആറിനുശേഷം ശേഖരം ഇത്ര താഴുന്നത് ആദ്യമാണ്.
രൂപയുടെ തകർച്ച തടയാൻ ആർബിഐ വിദേശനാണ്യം വിപണിയിൽ ചെലവിടുന്നതാണു ശേഖരത്തിൽ വലിയ ഇടിവുണ്ടാക്കുന്നത്. ഈ മാസത്തെ രണ്ടാഴ്ചയിൽത്തന്നെ ശേഖരത്തിൽ 1550 കോടി ഡോളറിന്റെ ഇടിവുണ്ടായി. 2021 സെപ്റ്റംബർ മൂന്നിന് 64245 കോടി ഡോളർ എന്ന നിലയിലായിരുന്നു രാജ്യത്തിന്റെ ശേഖരം. അതേസമയം, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏതു പ്രതിസന്ധിയെയും നേരിടാൻ പര്യാപ്തമാണെന്നും രൂപയുടെ ഇടിവ് തടയാൻ ആർബിഐ ഇനിയും ഇടപെടുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.
അതേസമയം രൂപയുടെ പ്രതിസന്ധി തുടരുകയാണ്. ഇന്നലെ രൂപയ്ക്കു നേരിയ നേട്ടമുണ്ടായെങ്കിലും വരുന്ന ആഴ്ചകളിലും ഇടിവ് തുടരുമെന്നാണു വിലയിരുത്തൽ. ഈ വർഷം ഇതുവരെ ഏഴു ശതമാനത്തിലേറെയാണു രൂപയിലുണ്ടായ ഇടിവ്.