
മുംബൈ: ഏപ്രിലില്‍ ഇതുവരെ ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലും ഒരുപോലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു ശേഷം ആദ്യമായാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കടപ്പത്ര വിപണിയില്‍ വില്‍പ്പന നടത്തുന്നത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 20 വരെ 6173.94 കോടി രൂപയുടെ വില്‍പ്പനയാണ് കടപ്പത്ര വിപണിയില്‍ നടത്തിയത്. ഓഹരി വിപണിയില്‍ 5253.74 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
യുഎസ് ഫെഡറല്‍ റിസര്‍വ് ജൂണില്‍ പലിശനിരക്ക് കുറയ്‌ക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തെ തുടര്‍ന്ന് യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും രൂപയുടെ മൂല്യം ഡോളറിനെതിരെ കുറയുന്നതും ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് കാരണമായിട്ടുണ്ട്.
പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നത് യുഎസ് ബോണ്ട് യീല്‍ഡ് 4.6 ശതമാനത്തിന് മുകളിലേക്ക് എത്തുന്നതിന് വഴിയൊരുക്കി. യുഎസ്സില്‍ ബോണ്ട് യീല്‍ഡ് ഉയരുന്ന അവസരങ്ങളില്‍ ഇന്ത്യ പോലുള്ള ഓഹരി വിപണികളില്‍ വില്‍പ്പന നടത്തുകയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പതിവ്. രൂപയുടെ മൂല്യം തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്‌ചയും ഇടിഞ്ഞു.
ഓഹരി വിപണിയില്‍ പ്രധാനമായും ഐടി ഓഹരികളിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയത്. എഫ്‌എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് എന്നീ മേഖലകളിലും വില്‍പ്പന നടന്നു. അതേ സമയം ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്‌സ്, ടെലികോം, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പവര്‍ എന്നീ മേഖലകളില്‍ അവ നിക്ഷേപം നടത്തുകയാണ് ചെയ്‌തത്.
മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 35098.32 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്. ഈ വര്‍ഷം ഇതുവരെ മൊത്തം 5639.91 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഓഹരി വിപണിയില്‍ നടത്തിയത്.
കടപ്പത്ര വിപണിയില്‍ 13601.85 കോടി രൂപയായിരുന്നു മാര്‍ച്ചില്‍ നിക്ഷേപിച്ചത്. ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 22,419.41 കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടത്തിയത്. ജനുവരിയില്‍ 19,836.56 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു.
ഈ വര്‍ഷം ഇതുവരെ 49683.88 കോടി രൂപയാണ് കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്.