
മുംബൈ: മാര്‍ച്ചില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.17 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രിലിലും വില്‍പ്പന തുടരുന്നു. ഏപ്രിലിലെ രണ്ട് വ്യാപര ദിനങ്ങളിലായി 19,837 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയ്‌ക്ക് പ്രേരിപ്പിച്ച ഘടകങ്ങളാണ്.
യുഎസ്-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ് മാര്‍ച്ചില്‍ കണ്ടത്.
ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ 1.17 ലക്ഷം കോടി രൂപയുടെ അറ്റവില്‍പ്പന നടത്തുകയായിരുന്നു. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ മൊത്തം വില്‍പ്പന 1.5 ലക്ഷം കോടി രൂപയായി.
ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 യുഎസ് ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്ക വിദേശ നിക്ഷേപകരെ ഓഹരി വിപണിയിലെ വില്‍പ്പനയ്‌ക്ക് പ്രേരിപ്പിച്ച ഘടകമാണ്. യുദ്ധം തുടങ്ങിയതിനു ശേഷം രൂപയുടെ മൂല്യം നാല് ശതമാനമാണ് ഇടിഞ്ഞത്.
ജനുവരിയില്‍ 35,962 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു.






