
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള സെബി അനുമതി കരസ്ഥമാക്കിയിരിക്കയാണ് സ്റ്റാഫിംഗ് സ്ഥാപനമായ ഫസ്റ്റ് മെറിഡിയന്‍ ബിസിനസ് സര്‍വീസസ്. 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 50 കോടി രൂപ ഫ്രഷ് ഇഷ്യു വഴിയും 750 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍(ഒഎഫ്എസ്) വഴിയും സ്വരൂപിക്കും
പ്രമോട്ടര്‍ മാന്‍പവര്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ 665 കോടി രൂപ ഓഹരികളും ഓഹരി ഉടമകളായ ന്യൂ ലെയ്ന്‍ ട്രേഡിംഗ് എല്‍എല്‍പി, സീഡ്ത്രീ ട്രേഡിംഗ് എല്‍എല്‍പി എന്നിവയുടെ യഥാക്രമം 45 കോടി രൂപ, 40 കോടി രൂപ വിലമതിക്കുന്ന ഓഹരികളുമാണ് ഒഫ്എസ് വഴി ലഭ്യമാക്കുക. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക ബാധ്യതകള്‍ തീര്‍ക്കുന്നതിനും പൊതു കോര്‍പറേറ്റ് ഉദ്ദേശ്യങ്ങള്‍ നടപ്പാക്കുന്നതിനും ചെലവഴിക്കുമെന്ന് കമ്പനി ഡിആര്‍എച്ച് പിയില്‍ പറയുന്നു.
അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍, ഡെല്‍ ഇന്റര്‍നാഷണല്‍ സര്‍വീസസ് ഇന്ത്യ, ഫോണ്‍പേ, ഉഷ ഇന്റര്‍നാഷണല്‍, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, യുറേക്ക ഫോര്‍ബ്‌സ് എന്നിവ ക്ലയ്ന്റുകളായിട്ടുള്ള കമ്പനി 2018 ലാണ് സ്ഥാപിതമാകുന്നത്. കരാര്‍ സ്റ്റാഫിംഗ്, വര്‍ക്ക്‌ഫോഴ്‌സ് ഓട്ടോമേഷന്‍, ട്രേഡ് മാര്‍ക്കറ്റിംഗ്, ഗ്ലോബല്‍ ടെക്‌നോളജി എന്നിവയ്ക്ക് ഹ്രസ്വവും ദീര്‍ഘകാലവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ബെംഗളൂരു ആസ്ഥാനമായ സ്ഥാപനം റിക്രൂട്ട്‌മെന്റ്, റിക്രൂട്ട്‌മെന്റ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ സ്റ്റാഫിംഗ്, ഫെസിലിറ്റി മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ സ്റ്റാഫിംഗ് സൊല്യൂഷനുകള്‍ എന്നീ സേവനങ്ങളും നല്‍കുന്നു. രാജ്യമെമ്പാടുമായി 50 തിലധികം ബ്രാഞ്ചുകളുണ്ട്. കമ്പനി 2022 മാര്‍ച്ചില്‍ 3,500ലധികം സ്ഥലങ്ങളിലായി 1.18 ലക്ഷത്തിലധികം അസോസിയേറ്റ്‌സിനെ വിന്യസിച്ച കമ്പനിയ്ക്ക് 2020-2021 സാമ്പത്തികവര്‍ഷത്തില്‍ 2,110 കോടി രൂപയുടെ വരുമാനം നേടാനായി.
ജെഎം ഫിനാന്‍ഷ്യല്‍സ്, ഡിഎഎം കാപിറ്റല്‍,എഡില്‍വേയ്‌സ് സെക്യൂരിറ്റീസ്,ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നീ സ്ഥാപനങ്ങളാണ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.